മണലിപ്പുഴയുടെ തീരം കെട്ടി സംരക്ഷിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കും: മന്ത്രി കെ. രാജൻ


തൃശൂർ. മണലിപ്പുഴയുടെ തീരം കെട്ടി സംരക്ഷിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇറിഗേഷൻ, റവന്യൂ വകുപ്പുകൾ എംഎൽഎയുമായി ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ജില്ലാ കലക്ടർ മുഖാന്തരം സമർപ്പിക്കുന്നതിന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂർ മണ്ഡലത്തിൽ പ്രളയക്കെടുതിക്ക് ഇരയാകുന്നവർ ഏറെയും മണലിപ്പുഴയുടെ തീരങ്ങളോടു ചേർന്നുള്ള ജനവാസമേഖലയിൽ പെട്ടവരാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴ മൂലം പീച്ചി റിസർവോയറിലെ ജലനിരപ്പ് അതിവേഗം ഉയരുകയും ഷട്ടറുകൾ വലിയ അളവിൽ തുറക്കേണ്ടിയും വരുന്ന സാഹചര്യം  വർഷം തോറും ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ മണലിപ്പുഴയുടെ പ്രളയ സാധ്യത കൂടുതലുള്ള മേഖലകളിൽ തീരം കെട്ടി സംരക്ഷിക്കുന്നത് ഒരു പരിധി വരെ പ്രളയത്തെ ചെറുക്കുന്നതിന് സഹായകരമാകുമെന്നാണ്  


വിലയിരുത്തുന്നത്.  മഴക്കെടുതി മൂലമുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അന്തേവാസികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 60 വയസിന് മുകളിൽ പ്രായമുള്ള ജീവിത ശൈലീ രോഗങ്ങളുള്ള വയോജനങ്ങൾക്ക് ചികിത്സാ സഹായം നൽകും. ഇതിനായി ദുരിതാശ്വാസ നിധിയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്കും ക്യാമ്പിൽ കഴിയുന്നവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കും. ഇതിനായി ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ തുക സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതി മൂലമുള്ള നഷ്ടങ്ങൾ കണക്കാക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ സഹായത്തോടെ ലഭ്യമാകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള സഹായങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നതിനെക്കുറിച്ച് അടുത്ത ക്യാബിനറ്റിൽ  ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments