പട്ടിക്കാട്. ശ്രീധരി പാലത്തിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റിംഗ് പ്രവൃത്തികൾ ആരംഭിച്ചു. നടത്തറ പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണലിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാർഥ്യമാവുന്നതെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മുഴുവൻ പേർക്കും നഷ്ടപരിഹാരമായി 2.9 കോടി രൂപ വിതരണം ചെയ്ത ശേഷമാണ് പാലം നിർമാണം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. 2017ലെ ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലത്തിന് 10.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ 2018ലെ പ്രളയത്തോടെ പാലത്തിന്റെ ഉയരം കൂട്ടലും അനുബന്ധ റോഡ് നിർമാണവും ഉൾപ്പെടുത്തി പുതിയ ഡിസൈൻ തയ്യാറാക്കുകയും അതനുസരിച്ച് കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടിവന്നതിനെ തുടർന്ന് പാലത്തിന്റെ നിർമാണം വൈകുകയായിരുന്നു.
മൂന്ന് സ്പാനുകളോടെ 11 മീറ്റർ വീതിയിലും 38.2മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. പുതിയ പാലത്തിൽ ഇരുവശത്തേക്കും ഒരേസമയം വാഹനങ്ങൾ പോകുന്നതിനുള്ള സൗകര്യത്തിന് പുറമെ ഇരുവശങ്ങളിലും ഫുട്പാത്ത് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 12 മീറ്റർ വീതിയോടെ നിർമിക്കുന്ന അപ്രോച്ച് റോഡിന് ചവറാംപാടം ഭാഗത്ത് 110 മീറ്റർ നീളവും മുടിക്കോട് ഭാഗത്ത് 749 മീറ്റർ നീളവുമുണ്ടാകും.
ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും സന്ദർശനവേളയിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


0 Comments