ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ: സംയുക്ത സംഘം പരിശോധന നടത്തി


പട്ടിക്കാട്. ദേശീയപാതയിൽ സർവീസ് റോഡുകൾ കാനകൾ തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പരാതികളിൽ ഹൈവേ അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംയുക്ത സംഘം പരിശോധന നടത്തി. മുടിക്കോട് മുതൽ ദേശീയപാതയ്ക്ക്  ഇരുപുറവും ഉള്ള സർവീസ് റോഡുകളുടെയും കാനകളുടെയും നിർമ്മാണം പൂർത്തീകരിക്കാത്തതും നിർമാണത്തിലെ അപാകതകളും ആണ് സംഘം പരിശോധിക്കുന്നത്. ഇവ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് നാട്ടുകാർ ഹൈവേ അതോറിറ്റിക്കും കരാർ കമ്പനിക്കും നൽകിയിരുന്നത്. പരാതികൾ നൽകി നാളുകൾ ഏറെയായിട്ടും പരിഹാരങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് മന്ത്രി കെ രാജൻ അധ്യക്ഷതയിൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ നാൽപ്പതോളം പരാതികളാണ് 


ലഭിച്ചത്. തുടർന്നുള്ള തീരുമാനമനുസരിച്ചാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറ് ഉദ്യോഗസ്ഥരും ഹൈവേ അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ദേശീയപാതയിൽ പരിശോധന നടത്തുന്നത്.  റവന്യൂമന്ത്രി കെ രാജനും, ജില്ലാ കളക്ടർ ഹരിത വി കുമാർ ഐഎഎസ് കരാർ കമ്പനിയുടെ പ്രതിനിധികളും സംയുക്ത പരിശോധന സംഘത്തിൽ പങ്കെടുത്തില്ല. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പ്രശ്‌നങ്ങളെ അധികൃതർക്ക് മുന്നിൽ വിശദീകരിക്കാനും പോരായ്മകൾ ചൂണ്ടിക്കാട്ടാനും വേണ്ട ജനകീയ പങ്കാളിത്തവും സംയുക്ത പരിശോധന സംഘത്തിലുണ്ടായിരുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. തൃശ്ശൂർ തഹസിൽദാർ ടി. ജയശ്രീ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments