ദിശാ ബോർഡ് വ്യക്തമല്ല; പീച്ചിയിലേക്കുള്ള വിനോദസഞ്ചാരികൾ ആശയക്കുഴപ്പത്തിൽ


പട്ടിക്കാട്. ദേശീയപാതയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്നതിനുള്ള ദിശാ ബോർഡ് വ്യക്തമല്ലെന്ന പരാതിയുമായി നാട്ടുകാർ. തൃശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പീച്ചിയെക്കുറിച്ച് ഒരു സൂചന പോലും ഈ ഭാഗത്തില്ല. ഇത് തൃശൂർ ഭാഗത്ത് നിന്നും പീച്ചിയിലേക്ക് വരുന്ന വിനോദസഞ്ചാരികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മാത്രമല്ല കെഎഫ്ആർഐ, കെഇആർഐ, ബനാന റിസർച്ച് സെന്റർ, ബനാന ഹണി പാർക്ക്, സീഡ് ഫാം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഈ സർവ്വീസ് റോഡിൽ ഇറങ്ങിവേണം കടന്നുപോകാൻ.  ചെമ്പൂത്ര കഴിഞ്ഞാൽ ദേശീയപാതയിൽ ഒന്നാമത്തെ ട്രാക്കിനോട് ചേർന്ന് ഒരു ദിശാബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ പകുതിഭാഗം മാത്രമേ ഇവിടെയുള്ളു. അതും എപ്പോൾ വേണമെങ്കിലും കാറ്റിൽ നിലംപൊത്താം എന്ന അവസ്ഥയിലാണ്. മാത്രമല്ല ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇത് ശ്രദ്ധയിൽ പെടുകയുമില്ല. അതുകൊണ്ടുതന്നെ സമീപവാസികൾക്ക് പോലും മേൽപ്പാതയിൽ കയറിയതിന് ശേഷമാണ് സർവ്വീസ് റോഡിലേക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുപോയ കാര്യം ശ്രദ്ധയിൽ പെടുന്നതും. ഇവിടെ ആറുവരിപാതയുടെ ഇരുഭാഗത്തുമായി ദൂരെ നിന്നും വ്യക്തമായി കാണുന്ന നിലയിൽ ദിശാ ബോർഡുകൾ സ്ഥാപിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments