വഴുക്കുംപാറ. ദേശീയപാത വഴുക്കുംപാറയിലെ സർവ്വീസ് റോഡ് അടച്ചതിനെ തുടർന്ന് നാൽപ്പതോളം കുടുംബങ്ങൾ ദുരിതത്തിലായി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. വഴുക്കുംപാറ മേൽപ്പാതയോട് ചേർന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡാണ് കമ്പനി അധികൃതർ അടച്ചത്. ഇതെതുടർന്ന് സ്‌കൂൾ വാഹനങ്ങൾക്ക് പോലും ജനവാസ മേഖലയിലേക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലായി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് വാർഡ് മെമ്പർ ബിജോയ് ജോസ് പറഞ്ഞു. മാത്രമല്ല മുന്ന് വർഷം മുൻപ് ഉരുൾപൊട്ടൽ നടന്ന പ്രദേശത്താണ് ഇപ്പോൾ മേൽപ്പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ വഴുക്കുംപാറ സെന്റർ മുതൽ കുറച്ച് ദൂരം സംരക്ഷണ ഭിത്തി നിർമ്മിച്ചെങ്കിലും നിലവിൽ സംരക്ഷണഭിത്തി ഇല്ലാതെ മണ്ണിട്ട് മേൽപ്പാത നിർമ്മിക്കുകയാണ് കരാർ കമ്പനി ചെയ്യുന്നത്. ഇത് ഏത് നിമിഷവും അപകടത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ പഴയ സർവ്വീസ് റോഡിനോട് ചേർന്ന് പീച്ചി ഇറിഗേഷന്റെ കനാൽ ഒഴുകിയിരുന്നത് ഇപ്പോൾ മണ്ണ് വീണ് മൂടിയ നിലയിലാണ്. ഈ ജലം ഉപയോഗിച്ചാണ് പ്രദേശത്തെ കിണറുകൾ റീച്ചാർജ്ജ് ചെയ്തിരുന്നത്. ശക്തമായ മഴപെയ്താൽ മേൽപ്പാത നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് താഴെക്ക് ഒഴുകിയെത്തുകുയും പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങൾക്ക് ഇത് അപകടഭീഷണിയിലാകുകയും ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments