പട്ടിക്കാട്. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷനു വേണ്ടി പാണഞ്ചേരി പഞ്ചായത്തിൽ നിർമ്മിക്കുന്ന ടാങ്കിന്റെ പണികൾ തുടങ്ങി. താമരവെള്ളച്ചാൽ വാർഡിലെ പാലക്കുന്നിൽ ആണ് ടാങ്ക് നിർമ്മിക്കുന്നത്. ഇതിന് സൗകര്യം ഒരുക്കുന്നതിനായി പാറ പൊട്ടിച്ചു നീക്കുന്ന പ്രാരംഭ പ്രവർത്തനങ്ങളാണ് തുടങ്ങിയത്. ആവശ്യമായ യന്ത്രസാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി അസി. എൻജിനീയർ അനൂപിന്റെ നേതൃത്വത്തിലാണ് പണികൾ തുടങ്ങിയത്. വാർഡ് മെമ്പർ അജിത മോഹൻദാസും സന്നിഹിതയായിരുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 90 ശതമാനം സബ്‌സിഡിയോടുകൂടി കേരളത്തിലെ ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയാണ് ജൽജീവൻ മിഷൻ. വാട്ടർ അതോറിറ്റി ആണ് നോഡൽ ഏജൻസി.


0 Comments