പട്ടിക്കാട്: കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിന്റെ 68-ാം വാർഷികാഘോഷം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും, സ്‌കൂൾ ഭരണസമിതിയുടെ ഉജ്ജ്വലമായ പ്രവർത്തനങ്ങളും കണ്ണാറ സ്‌കൂളിൽ കൂടുതൽ കുട്ടികളെ എത്തിക്കാൻ സാധിച്ചതായി മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു.
പുതിയതായി നിർമ്മിച്ച ഫുട്‌ബോൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ഇസാഫ് ബാങ്ക് നിർമ്മിച്ചു നൽകിയ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എംഡി പോൾ തോമസ് എന്നിവർ നിർവഹിച്ചു. വാർഷികത്തോടനുബന്ധിച്ച് അധ്യാപക രക്ഷാകർതൃ ദിനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, മാതൃ സംഗമവും, ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും, ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. മുതിർന്ന പത്രപ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ വി.എം രാധാകൃഷ്ണനെയും, സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ എ ശ്രീവത്സൻ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക മേഴ്‌സി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ വിൽസൺ ചെമ്പനാൽ, എംപി സാബു, പിടിഎ പ്രസിഡന്റ് എം.പി വർഗീസ്, രക്ഷാധികാരികളായ എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, ജോർജ് പൊടിപ്പാറ, പഞ്ചായത്ത് അംഗങ്ങളായ രേഷ്മ സജീഷ്, ബീന പൗലോസ്, സുശീല രാജൻ, ഷൈലജ വിജയകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments