പട്ടിക്കാട്. വായനയുടെ ജനാധിപത്യവൽക്കരണം സാധ്യമാകുന്നത് ഗ്രന്ഥശാലകളിലൂടെയാണെന്നും അവ പൂർവാധികം ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിതെന്നും സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. ഒല്ലൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന എംഎൽഎ ബുക്ക് ബാങ്ക് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. ബുക്ക് ബാങ്കിലേക്കുള്ള ആദ്യ പുസ്തകങ്ങൾ എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണനിൽ നിന്ന് സ്പീക്കർ ഏറ്റുവാങ്ങി. മണ്ഡലത്തിലെ വായനശാലകൾക്കുള്ള പുസ്തക വിതരണവും സ്പീക്കർ നിർവഹിച്ചു. സ്‌കൂൾ ലൈബ്രറികൾ പരിപോഷിപ്പിക്കുന്നതിനായി ഒല്ലൂർ മണ്ഡലത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ആരംഭിച്ച ബുക്ക് ബാങ്ക് പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം നവോത്ഥാനത്തിലേക്ക് വളർന്നതിനു പിന്നിൽ ലൈബ്രറികളും പുസ്തകങ്ങളും വലിയ പങ്കാണ് വഹിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും മികച്ച ലൈബ്രറികൾ ഒരുക്കുക എന്നതാണ് ബുക്ക് ബാങ്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ വായനയിലേക്ക് നയിക്കാനുതകുന്ന മികച്ച പദ്ധതിയാണ് ഇതെന്ന് എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണനും അഭിപ്രായപ്പെട്ടു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 90 വീതം പുസ്തകങ്ങളാണ് മണ്ഡലത്തിലെ 30 വായനശാലകൾക്കായി വിതരണം ചെയ്തത്.
50 വർഷം പൂർത്തിയാക്കിയ ഗ്രന്ഥശാലാ പ്രവർത്തകരായ ജെ. പാപ്പച്ചൻ മാസ്റ്റർ, എം.എൻ ദാസമണി, ഇ മോഹനൻ, എ.ആർ രാമൻ, അഹമ്മദാബാദിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രൊജക്ട് തയ്യാറാക്കിയ പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥികളായ അദ്വൈത് സി അലക്‌സ്, ഒ.എ മുഹമ്മദ് അർഫദ് , അധ്യാപിക എം. രേണുക എന്നിവരെ ജില്ലാ കലക്ടർ ഹരിത വി. കുമാർ ആദരിച്ചു.
പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, കെ.വി അനിത, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ്യ രാജേഷ്, കെ.കെ. രമേഷ്, പഞ്ചായത്ത് അംഗം ആനി ജോയ്, കെ. ജി ജയപ്രകാശ്, വിവിധ പാർട്ടികളുടെ പ്രതിനിധികളായ മാത്യു നൈനാൻ, സനിൽ വാണിയമ്പാറ, കെ.പി ചാക്കോച്ചൻ, രാജു പാറപ്പുറം, ജോസ് കുട്ടി പീച്ചി, എ വി കുര്യൻ, നൗഷാദ്, കെ തുടങ്ങിയവരും സംസാരിച്ചു.


0 Comments