സന്തോഷ സൂചകമായി സെക്രട്ടറി പി.ആർ ജോണിന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ മധുരം നൽകുന്നു
പട്ടിക്കാട്. നികുതി പിരിച്ചെടുക്കുന്നതിൽ 100 ശതമാനത്തോടെ പൂർണ്ണത കൈവരിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് രൂപം കൊണ്ടതിനുശേഷം ആദ്യമായാണ് 100 ശതമാനം എന്ന ലക്ഷ്യം കൈവരിക്കാനായത് എന്ന് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. കെട്ടിട നികുതി ഇനത്തിൽ 1,09,73,514 രൂപ പിരിച്ചെടുത്തപ്പോൾ തൊഴിൽ നികുതി ഇനത്തിൽ 34,10,230 രൂപയും, വാടക ഇനത്തിൽ 9,61,156 രൂപയും പിരിച്ചെടുത്തു. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നികുതി പിരിവ് നടത്തിയതിൽ പതിനേഴാം സ്ഥാനവും ജില്ലയിൽ 86 പഞ്ചായത്തുകളിൽ ഏഴാം സ്ഥാനവുമാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്. സംസ്ഥാനത്ത് ഒന്നാം സ്ഥാനം കോലഴി പഞ്ചായത്തിനും, രണ്ടാം സ്ഥാനം അടാട്ട് പഞ്ചായത്തിനും ആണ്. നികുതി പിരിവിനായി മാർച്ച് മാസത്തിൽ എല്ലാ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോണിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെല്ലാം വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയതെന്നും രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് നികുതി ഇനത്തിൽ ചരിത്രത്തിൽ ഇടം നേടാൻ പഞ്ചായത്തിന് സാധിച്ചത് എന്നും പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. ചരിത്ര നേട്ടം കൈവരിച്ചതിന്റെ ഭാഗമായി പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് മധുര വിതരണം നടത്തി ആഹ്ലാദം പങ്കുവെച്ചു.


0 Comments