കണ്ണാറ. ഹണി പാർക്ക് റോഡിൽ കേന്ദ്രപ്പടി സ്റ്റോപ്പിന് സമീപം റോഡിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. ഇന്നലെ രാത്രി 10 മണിയോടെയാണ് വളരെ ഉയരമുള്ള ഈട്ടി മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്. ഈ സമയം ഇതുവഴി വാഹനങ്ങളോ ആളുകളോ കടന്നു പോകാതിരുന്നതും വൈദ്യുതി ലൈൻ പൊട്ടി വീഴാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കടന്നു പോകുന്ന വഴിയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ഈട്ടി മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ ഇടപെടുകയോ മരം മുറിച്ചു മാറ്റാനുള്ള നടപടികൾ ആരംഭിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് മരം നിൽക്കുന്നത്. ഇത് വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിനും തടസ്സമാണെന്ന് നാട്ടുകാർ പറഞ്ഞു. മാത്രമല്ല മരം മറിഞ്ഞു വീഴുകയോ ശിഖിരങ്ങൾ ഒടിയുകയോ ചെയ്താൽ അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുന്നതിനും ഇടയാക്കും.


0 Comments