തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ രണ്ടാം പ്രതി കോതമംഗലം സ്വദേശി അലക്‌സ് ജോയിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ക്ഷേത്രത്തിലെത്തിച്ചത്. മറ്റൊരു പ്രതി ആയോട് സ്വദേശി വെളുത്തേടത്ത് പറമ്പിൽ വിപിനെ നേരത്തെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

ആഗസ്റ്റ് 17 വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. പ്രധാന വാതിലിന്റെ ഓടാമ്പലും കുറ്റിയും തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ ക്ഷേത്രത്തിനകത്തെ രണ്ട് പ്രധാന ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നിരുന്നു. ശ്രീകോവിലിന്റെ കതകും കുത്തി തുറന്നിരുന്നു. സ്‌റ്റോർ റൂമിന്റെ താഴും തകർത്ത നിലയിൽ ആയിരുന്നു. സെക്രട്ടറി പീതാംബരൻ പീച്ചി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സിഐ വി.വി വിമൽ, പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പീച്ചി പോലീസ് പ്രതികളെ പിടികൂടിയത്.