കണ്ണാറ. പഴയ പാലത്തിന് നടുവിൽ രൂപപ്പെട്ട കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. രാത്രി 8:30 യോടെയാണ് അപകടം ഉണ്ടായത്. പീച്ചി ഭാഗത്ത് നിന്നും കമ്പനിപ്പടിയിലേക്ക് പോകുന്ന വഴിയാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. നിലവിൽ ഇരുഭാഗത്തേക്കും ഉള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയാണ് കടന്നു പോകുന്നത്.
പഴയ പാലത്തിന് നടുവിൽ മുൻപുണ്ടായിരുന്ന കുഴി താൽക്കാലികമായി അടച്ചിരുന്നെങ്കിലും കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ തുടങ്ങിയതോടെ വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
പീച്ചി ഡാം റോഡിൽ വാരിയത്ത്പടി മുതൽ വിലങ്ങന്നൂർ വരെ പല ഭാഗത്തും റോഡിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. എന്നാൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ പേരിൽ അപകടകരമായ കുഴികൾ അടയ്ക്കാൻ അധികൃതർ പലപ്പോഴും തയ്യാറാകുന്നില്ല. പീച്ചി ഡാം റോഡിൽ ഇരുചക്രവാഹനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട കർശന നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments