മണ്ണുത്തി. യുഡിഎഫ് ഒല്ലൂർ നിയോജകമണ്ഡലം കൺവെൻഷൻ മണ്ണുത്തി കെ കരുണാകരൻ സപ്തതി മന്ദിരത്തിൽ വെച്ച് നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനദ്രോഹ നയങ്ങൾക്കെതിരെയും, സഹകരണ ബാങ്കുളിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെയും യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ 15ന് തൃശ്ശൂർ ജില്ലയിലെ 111 മണ്ഡലങ്ങളിൽ നടത്തുന്ന പദയാത്രക്ക് മുന്നോടിയായാണ് നിയോജകമണ്ഡലം തലത്തിൽ നേതൃയോഗം സംഘടിപ്പിച്ചതെന്ന് എം.പി വിൻസെന്റ് പറഞ്ഞു. സംസ്ഥാനത്തെ 272 സഹകരണ സംഘങ്ങളിൽ ക്രമക്കേട് കണ്ടെത്തിയെന്ന തരത്തിൽ സഹകരണ രജിസ്ട്രാറുടെ പേരിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും കരുവന്നൂരിൽ മുഖം നഷ്ടപ്പെട്ട സർക്കാരിനെ രക്ഷിക്കാൻ സഹകരണമന്ത്രി നടത്തുന്ന ശ്രമങ്ങളാണ് ഇതിന് പുറകിലെന്നും എംപി വിൻസന്റ് പറഞ്ഞു.
ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ആർ ഗിരിജൻ, പി.കെ ഷാഹുൽഹമീദ്, ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോൺ കാഞ്ഞിരത്തിങ്കൽ, എം.എൽ ബേബി, സജീവൻ കുരിയച്ചിറ, കെ.എൻ വിജയകുമാർ, കെ.സി അഭിലാഷ്, പി.എം ഏലിയാസ്, പി.കെ വാസു, രതീഷ്, ജോബി, റോയ് പെരിഞ്ചേരി, സുൽഫിക്കർ, ജോസഫ് കാരക്കട, എം.യു മുത്തു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.


0 Comments