അനധികൃത വഴിയോര കച്ചവടം: വഴിയാധാരമാകുമോ വ്യാപാരികൾ?


പട്ടിക്കാട്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പാണഞ്ചേരി പഞ്ചായത്തിലെ കച്ചവടക്കാർ വഴിയോര കച്ചവട വിഷയത്തിൽ പഞ്ചായത്തിന്റെ നിലപാടുകൾക്കെതിരെ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. വഴിയോര കച്ചവടങ്ങളുടെ കടന്നുകയറ്റം മൂലം തങ്ങൾ വഴിയാധാരമാകുമോ എന്ന ആശങ്കയാണ് പാണഞ്ചേരി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യാപാരികൾ പങ്കുവെക്കുന്നത്. പച്ചക്കറികൾ മാത്രമല്ല, പലവ്യഞ്ജനങ്ങളുൾപ്പെടെ വഴിയോരത്തും വാഹനങ്ങളിലും വിൽപന നടത്തുന്നത് വ്യാപകമായതോടെ ഇതിനെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് കച്ചവടക്കാർ പഞ്ചായത്തിൽ പരാതികളും നിവേദനങ്ങളുമൊക്കെ നൽകിയിരുന്നു. എന്നാൽ കാലം കുറേ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളൊന്നും അധികൃതരിൽ നിന്നും ഉണ്ടായില്ലെന്നുള്ള പരാതി വ്യാപാരികൾക്കുണ്ട്. ഇതിനെതിരെ പ്രതിഷേധക്കച്ചവടവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പാണഞ്ചേരി പഞ്ചായത്തിലെ വിവിധ യൂണിറ്റുകൾ നവംബർ 1 ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി. ഏകോപന സമിതിയാണ് പ്രത്യക്ഷ സമരവുമായി രംഗത്തുവന്നതെങ്കിലും വഴിയോര കച്ചവട വിഷയത്തിൽ സംഘടനാതീതമായി വ്യാപാരികൾക്ക് ഏകാഭിപ്രായമാണെന്ന് പല കച്ചവടക്കാരും സമ്മതിക്കുന്നു.

നോട്ടു നിരോധനം മുതൽ പ്രളയവും കൊവിഡ് മഹാമാരിയും നിർമ്മാണ മേഖലയുടെ സ്തംഭനവും ഓൺലൈൻ വ്യാപാരത്തിന്റെ വ്യാപനവുമൊക്കെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വ്യാപാര മേഖലയെ കടന്നുപോകുന്നത്. ഇതിനിടെ വഴിയോര കച്ചവട മേഖല അതിവേഗം വളരുകയും വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തു പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് ഭീഷണിയായി മാറുകയും ചെയ്തതായാണ് വ്യാപാരികളുടെ വിലയിരുത്തൽ. 

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകേണ്ട ഫീസുകൾ നൽകി , പെർമിറ്റുകളും നേടി, ഭീമമായ കെട്ടിട വാടകയും മറ്റ് ചെലവുകളും മാസംതോറും ഹരിത കർമ്മസേനയുടെ യൂസർ ഫീയും, രാഷ്ട്രീയ പാർട്ടികൾക്ക് പിരിവും നൽകി കച്ചവടം ചെയ്യുന്നവരാണ് വ്യാപാരികൾ. ഇത്തരം യാതൊരു ബാധ്യതയും ഏറ്റെടുക്കാത്ത വഴിയോര കച്ചവടക്കാരെ പഞ്ചായത്ത് നിയന്ത്രിക്കുന്നില്ലെന്നു മാത്രമല്ല, അവർക്ക് ലൈസൻസുൾപ്പെടെ ലഭ്യമാക്കി വഴിയോര കച്ചവടത്തെ പ്രോത്സാഹിപ്പിക്കാൻ  നടത്തുന്ന നീക്കം അപലപനീയമാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വഴിയും ഗതാഗതവും തടസ്സപ്പെടുത്തി കച്ചവട സ്ഥാപനങ്ങൾക്കു മുന്നിൽ വരെ വാഹനങ്ങൾ നിർത്തിയിട്ടുള്ള കച്ചവടം വ്യാപാര മേഖല തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ ആരോപിക്കുന്നു. നികുതിയിനത്തിലും മറ്റ് ഫീസിനത്തിലും വലിയ തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു നൽകുന്നവരാണ് വ്യാപാരികൾ. വഴിയോര കച്ചവടം പോലെയുള്ള പ്രതിസന്ധികൾ ഉയർന്നു വരുമ്പോൾ അധികൃതർ തങ്ങൾക്കു നേരെ മുഖം തിരിക്കുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാണഞ്ചേരിയിലെ വ്യാപാര മേഖലയുടെ തകർച്ചയ്ക്കു തന്നെ ഇടവരുത്തിയേക്കാവുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.

ദേശവ്യാപകമായുണ്ടായ സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും അതിജീവനത്തിന് കഴിയുന്ന ഏത് മാർഗ്ഗവും തേടാൻ എല്ലാവരെയും നിർബന്ധിതരാക്കി എന്നുള്ളത് വാസ്തവമാണ്. അതിന്റെ ഭാഗമായാണ് വഴിയോര കച്ചവടവും അനുബന്ധ മേഖലകളും കൂടുതൽ വ്യാപകമായത്. എല്ലാവരുടെയും അതിജീവനം സാധ്യമാകണം എന്നാൽ ഇത് വ്യാപാര മേഖലയിൽ ഒരു നേർക്കുനേർ പോരാട്ടത്തിലേക്ക് എത്തുന്നത് തടയാൻ വേണ്ട മാർഗ്ഗങ്ങൾ അധികൃതർ സ്വീകരിക്കണം.




Post a Comment

0 Comments