മയിലാട്ടുംപാറ. കൈകാലുകളുടെ ചലനശേഷി നഷ്ടമായി തളർന്നു പോകുന്ന അപൂർവ്വ രോഗം (Chronic Inflammatory Demyelinating Polyneuropathy - CIDP) ബാധിച്ച നിർധന യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പാണഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മഞ്ഞക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന വെളുത്തേടത്ത് ഹരികൃഷ്ണൻ (27) ആണ് അപൂർവ്വ രോഗം ബാധിച്ച് ദുരിതത്തിലായത് . മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ഹരികൃഷ്ണന്റെ കാലുകളുടെ ചലന ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പൂർണ്ണമായും ഹരികൃഷ്ണനെ തളർത്തിക്കളയും . ചികിത്സ തുടർന്നു നടത്താൻ വേണ്ട സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല. ഭാര്യയും വിധവയായ അമ്മയും ഒന്നിച്ചായിരുന്നു ഹരികൃഷ്ണന്റെ താമസം. ജോലി ചെയ്തിരുന്ന സഹോദരന് ഹരികൃഷ്ണനെ ശുശ്രൂഷിക്കാനും സഹായിക്കാനുമായി ജോലി ഉപേക്ഷിച്ച് കൂടെ നിൽക്കേണ്ടി വന്നിരിക്കുകയാണ്. അതുകൊണ്ട് ചികിത്സയ്ക്കായി മയിലാട്ടും പാറ വാർഡ് മെമ്പർ കെ.എസ് സ്വപ്ന കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വാർഡ് മെമ്പർ കെ.എസ് സ്വപ്ന, ഹരികൃഷ്ണന്റ മാതാവ് സുശീല ചന്ദ്രൻ, ചികിത്സാ സഹായ സമിതി ഭാരവാഹി വി.പി ശശി എന്നിവരുടെ പേരിൽ കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്) പട്ടിക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 80015666966. IFSC:THRS0000038. കഴിഞ്ഞ ദിവസം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഹരികൃഷ്ണനെ സന്ദർശിച്ചിരുന്നു. ചികിത്സയ്ക്കായി ഈ കുടുംബത്തിന് സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments