പീച്ചി. പരേതനായ ഇരിങ്ങാപ്പിള്ളി വിശ്വനാഥന്റെ കുടുംബത്തിന് പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം തൃശ്ശൂർ എം പി ടി.എൻ പ്രതാപൻ നിർവഹിച്ചു. സെറാഫ്‌സ് പ്രസിഡന്റ് ഫാ. സി.എം രാജു അധ്യക്ഷത വഹിച്ചു. വൃക്കരോഗം ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിശ്വനാഥൻ വീടിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യയും മൂന്നു പെൺമക്കളുമുള്ള വിശ്വനാഥൻ വടക്കുംപാടത്തെ ഒരു ഒറ്റമുറി വാടക കെട്ടിടത്തിലാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രതിമാസം ചികിത്സാ സഹായം നൽകിയിരുന്നു. എട്ടു വർഷം മുമ്പ് തറ നിർമ്മാണത്തോടെ നിന്നുപോയ വീടിന്റെ പണികൾ പൂർത്തീകരിക്കാനും തീരുമാനിച്ചു. 4,17,000 രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം സെറാഫ്‌സ് പൂർത്തീകരിച്ചത്. പീച്ചി തെക്കേക്കുളം ജണ്ടമുക്കിൽ ബ്ലോക്കിൽ നിന്നും അനുവദിച്ചു കിട്ടിയ സ്ഥലത്താണ് വീട് പണിതത്.
താക്കോൽ ദാന ചടങ്ങിൽ വെച്ച് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ സെറാഫ്‌സിന്റെ ചികിത്സാ സഹായധനം വിതരണം ചെയ്തു. വാർഡ് മെമ്പർ ബാബു തോമസ് സെറാഫ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്രഹാം നാഞ്ചിറ, സി.പി അനിൽ, ജോയ് പ്ലാമൂട്ടിൽ, ബിനോയ് മേക്കാട്ടിൽ, ജോസ് തുരുത്താട്ട്, ടി.വി ബെന്നി . ടി.ജെ ഷിബു , ടി.എസ് ഷാജി, പ്രിൻസ് ഇടപ്പാറ എന്നിവർ പങ്കെടുത്തു. ഈ സാമ്പത്തിക വർഷം സെറാഫ്‌സ് നൽകുന്ന നാലാമത്തെ വീടിന്റെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. എല്ലാ മാസവും വിവിധ പദ്ധതികളിലായി മൂന്നു ലക്ഷത്തിലധികം രൂപയുടെ സഹായങ്ങളാണ് സെറാഫ്‌സ് നൽകി വരുന്നത്.

0 Comments