ലോകത്തിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേ ആയ ദൽഹി മുംബൈ എക്‌സ്പ്രസ് വേയുടെ നിർമ്മാണം റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. 2022 മാർച്ചിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനമായ ദൽഹി മുതൽ ധനകാര്യ തലസ്ഥാനമായ മുംബൈ വരെ 1350 കിലോമീറ്ററാണ് എക്സ്പ്രസ് വേയുടെ നീളം. വടക്ക് ദൽഹിയില ഡി എൻ ഡി ഫ്ലൈ വേയിൽ നിന്നും ഹരിയാനയിലെ സോഹ്നയിൽ നിന്നും ആരംഭിക്കുന്ന ഈ എട്ടു വരി പാത തെക്ക് മുംബൈ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിലും വിരാറിലും അവസാനിക്കും. 2019 മാർച്ചിലാണ് നിർമ്മാണം തുടങ്ങിയത്. 90,000 കോടി രൂപയാണ് നിർമ്മാണ ചെലവ്. 15,000 ഹെക്ടർ ഭൂമി - എക്സ്പ്രസ് വേ നിർമ്മാണത്തിനായി ഏറ്റെടുത്തിരുന്നു. 52 കൺസ്ട്രക്ഷൻ പാക്കേജുകളിലായി 20 വമ്പൻ നിർമ്മാണ കമ്പനികൾക്കാണ് നിർമ്മാണ ചുമതല. മുംബൈയിൽ നിന്ന് ദൽഹിയിലേക്ക് എത്താൻ നേരത്തെ ട്രക്കുകൾ 48 മണിക്കൂർ എടുത്തിരുന്നത് എക്‌സ്പ്രസ് വേ നിർമ്മാണം പൂർത്തിയാകുന്നതോടെ 24-26 മണിക്കൂറായി ചുരുങ്ങും. കാറുകളുടെ യാത്രാ സമയം 20 മണിക്കൂറോളമായിരുന്നത് 12 മണിക്കൂറായും കുറയും. നിരവധി സവിശേഷതകളോടെയാണ് പുതിയ എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നത്.
എക്സ്പ്രസ് വേയിൽ 93 ഇടങ്ങളിൽ എ ടി എമ്മുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ , പെട്രോൾ പമ്പുകൾ എന്നിവയുണ്ടാകും. അപകടങ്ങളുണ്ടായിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് നീക്കാൻ ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള ഹെലിപാഡുകൾ ഓരോ 100 കിലോമീറ്ററിലും ഉണ്ടാകും. 20 ലക്ഷം വൃക്ഷങ്ങളാണ് പാതയോരത്ത് ഉടനീളം നട്ടുപിടിപ്പിക്കുന്നത്. ഇതിനായി ഡ്രിപ്പ് ഇറിഗേഷൻ, മഴ വെള്ള സംഭരണം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
നർമ്മദാ ഉരുക്കു പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് വെറും 32 മാസങ്ങൾ കൊണ്ടാണ്. ദൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ എക്‌സ്പ്രസ് വേയുമായി ഹരിയാനയിലെ കെ എം പി എക്സ്പ്രസ് വേ, ഗുജറാത്തിലെ അഹമ്മദാബാദ് - വഡോദ്ര എക്സ്പ്രസ് വേ, മുംബൈ - നാഗ്പൂർ എക്‌സ്പ്രസ് വേ, മുംബൈ - പൂന എക്സ്പ്രസ് വേ എന്നിവയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
പല വിദേശ രാജ്യങ്ങളിലും എന്ന പോലെ വൻ പ്രൊജക്ടുകൾ സമയ ബന്ധിതമായി പൂർത്തീകരിക്കാർ ഇന്ത്യയിലും സാധിക്കും എന്നു കൂടിയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
വാൽക്കഷ്ണം: മണ്ണുത്തി വടക്കുഞ്ചേരി 30 കിലോമീറ്റർ ആറുവരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments