വേലായുധനും ഭാര്യ ഭവാനിയും വീട്ടിലേക്ക് കയറുന്ന വഴിയിൽ
പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ മുടിക്കോട് വാർഡിൽ താമസിക്കുന്ന വടക്കേടത്ത് വേലായുധന്റെയും തൃപ്പണത്ത് നിഖിൽ ദാസിന്റെയും വീടിന് ചുറ്റും വർഷത്തിൽ 365 ദിവസവും വെള്ളക്കെട്ടാണ്. അറ്റ വേനലിൽ പോലും പാദം മുങ്ങാൻ മാത്രം വെള്ളമാണ് വീടിന്റെ മുറ്റത്തും പറമ്പിലുമെന്ന് വേലായുധൻ പറയുന്നു. ഒരു മഴ പെയ്താൻ വീടിനകത്തും വെള്ളമാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ നടന്നു വേണം വീട്ടിലേക്കു കയറാൻ. കഴിഞ്ഞ നാലുവർഷമായി കുടുംബങ്ങൾ ഈ ദുരിതജീവിതം അനുഭവിക്കുന്നു. 1992ൽ പ്രദേശത്ത് വീട് വെച്ച് താമസം തുടങ്ങിയെങ്കിലും 2017 മുതലാണ് വെള്ളക്കെട്ട് ഉണ്ടാകാൻ തുടങ്ങിയത്. പാണഞ്ചേരി മുതൽ ചെമ്പൂത്ര വരെ ദേശീയപാതയുടെ അരികിലൂടെ കടന്നുപോകുന്ന തോട് പലയിടത്തും നികന്നതും തോടിന്റെ ആഴവും വീതിയും കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. തോടിന്റെ ബണ്ട് പൊട്ടി വെള്ളം മുഴുവൻ പ്രദേശത്തെ പാടത്തേക്കും പറമ്പുകളിലേക്കും കയറുകയാണ്. ഈ തോടിന് മുമ്പുണ്ടായിരുന്ന ആഴവും വീതിയും വീണ്ടെടുത്ത് തടസ്സങ്ങൾ നീക്കിയാൽ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കാൻ കഴിയും. എന്നാൽ ഇക്കാര്യം കാണിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പല തവണ പരാതി നൽകിയെങ്കിലും ഇതുവരെയും ശാശ്വത
പരിഹാരമുണ്ടായില്ലെന്ന് വേലായുധന്റെ മകൻ വിബീഷ് പറഞ്ഞു. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി തോട് പലയിടത്തും നികത്തിയതാണ് തോടിന്റെ തകർച്ചയിലേക്ക് നയിച്ച പ്രധാന കാരണം. പാണഞ്ചേരിയിൽ കല്ലുപാലം നിൽക്കുന്നിടത്ത് 18 അടിയോളം വീതിയുള്ള തോടിന് ചെമ്പൂത്രയിൽ കല്ലായിച്ചിറ തോട്ടിലേക്ക് എത്തുമ്പോഴേക്കും വെറും നാലടിമാത്രമാണ് വീതി ഉള്ളത്. ഹൈവേയിൽ നിന്ന് ചെമ്പൂത്ര റോഡിലേക്ക് കടക്കുന്നിടത്ത് മുമ്പുണ്ടായിരുന്ന ചെറിയ പാലം ഹൈവേ നിർമ്മാണത്തിന്റെ മറവിൽ പൊളിച്ചു കളഞ്ഞ് പകരം അവിടെ സ്ഥാപിച്ചത് വെറും ഒന്നരയടിവ്യാസമുള്ള പൈപ്പാണ്. ഇതു മൂലം തോട്ടിലൂടെ പോകേണ്ട വെള്ളം ബണ്ട് പൊട്ടി പാടത്തേക്കും പറമ്പിലേക്കും വീടുകളിലേക്കും എത്തുകയാണ്. മഴക്കാലത്ത് പ്രദേശത്തെ മിക്ക വീടുകളും വെള്ളത്തിലാണ്. പാണഞ്ചേരി ഭാഗത്ത് ഇതു മൂലം വ്യാപകമായ കൃഷി നാശവുമുണ്ടാകുന്നു. പതിവായുള്ള വെള്ളക്കെട്ടു മൂലം വേലായുധന്റെ ഒരേക്കറോളം സ്ഥലത്തുണ്ടായിരുന്ന കൃഷി മുഴുവൻ നശിച്ചു. ഏതാനും തല പോയ തെങ്ങുകൾ മാത്രമാണ് ഇപ്പോഴുള്ളത്. പാണഞ്ചേരി, മുടിക്കോട്, ചെമ്പൂത്ര വാർഡുകളിലായി സ്‌റ്റേറ്റ് സീഡ്ഫാമിന്റേതുൾപ്പെടെ എഴുപത്തിയഞ്ച് ഏക്കറോളം ഭൂമി വെള്ളക്കെട്ടു മൂലം കൃഷിയോഗ്യമല്ലാതായി. തോടിനെ പഴയ രീതിയിൽ വീണ്ടെടുക്കണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിനുള്ള പദ്ധതി തയ്യാറാക്കണമെന്ന് വാർഡ് മെമ്പർമാരും ജനങ്ങളും ഒരുപോലെ ആവശ്യപ്പെടുകയാണ്. പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് തോട്ടിലെ പാഴ് വളർച്ചകൾ നീക്കിയെങ്കിലും അതുകൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമകുന്നില്ല. അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കരുത്. തോട് വീണ്ടെടുക്കേണ്ടത് രണ്ട് കുടുംബങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഒരു നാടിന്റെ മുഴുവൻ ആവശ്യമാണ്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments