പട്ടിക്കാട്. തെക്കുംപാടം മയിലാട്ടുംപാറ റൂട്ടിൽ സ്വകാര്യ ബസ് സർവ്വീസ് പുനരാരംഭിക്കുകയാണ്. ഇന്ന് വൈകീട്ട് 5.10ന് തൃശൂരിൽ നിന്ന് മയിലാട്ടുംപാറയിലേക്ക് ബസ് യാത്രതിരിക്കും, 5.45 ഓടെ പട്ടിക്കാട് എത്തും. ശിവകാർത്തി ബസിന് പകരം വൽസൻ എന്ന മറ്റൊരു ബസാണ് സർവ്വീസ് തുടങ്ങുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന തെക്കുംപാടം മയിലാട്ടുംപാറ റൂട്ടിലെ ബസ് സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നത് പ്രദേശവാസികളുടെ ഏറെ കാലങ്ങളായുള്ള ആവശ്യമായിരുന്നുവെന്ന് മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ പറഞ്ഞു. ഈ റൂട്ടിലെ മൂന്ന് സ്വകാര്യ ബസുകളും ഓട്ടം നിർത്തിയിരുന്നു. പാണഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും വിവിധ ആവശ്യങ്ങൾക്കുള്ള യാത്രകൾക്കായി സ്വകാര്യ ബസുകളെയാണ് കൂടുതലായും ആശ്രയിച്ചിരുന്നത്. ബസുകളുടെ ഓട്ടം നിലച്ചതോടെ ആശുപത്രികളിലേക്കും ജോലിക്കും പഠനാവശ്യങ്ങൾക്കുമൊക്കെയായി തൃശൂർ നഗരത്തിലേക്കുൾപ്പെടെ
പോകേണ്ട സാധാരണക്കർ വലിയ പ്രതിസന്ധിയിലായി. പട്ടിക്കാട് നിന്ന് ഓട്ടോ റിക്ഷയിൽ തെക്കുംപാടത്തേക്കോ മയിലാട്ടുംപാറയിലേക്കോ ഒക്കെ എത്തണമെങ്കിൽ വലിയൊരു തുക മുടക്കേണ്ടി വരും. കൊവിഡ് പ്രതിസന്ധി കുറഞ്ഞതിനെ തുടർന്ന് മറ്റെല്ലാ റൂട്ടുകളിലും സ്വകാര്യ ബസുകൾ സർവ്വീസ് ആരംഭിച്ചപ്പോഴും ഈ റൂട്ടിൽ സർവ്വീസ് തുടങ്ങിയില്ല. ബസ് സർവ്വീസ് പുനരാരംഭിക്കുക എന്നത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നിരന്തരമായി ഉയർത്തിയ ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ബസുടമകളുടെ യോഗം വിളിച്ചിരുന്നു. തെക്കുംപാടം മയിലാട്ടുംപാറ റൂട്ടിൽ ബസ് സർവ്വീസ് പുനരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ഉറപ്പുനൽകിയതായി സ്വപ്‌ന രാധാകൃഷ്ണൻ പറഞ്ഞു. ഈ ആവശ്യവുമായി അധികൃതർക്കു മുന്നിൽ എത്തുമ്പോൾ രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ ജനങ്ങളുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടായിരുന്നുവെന്നും മെമ്പർ പറഞ്ഞു. നാളെയും മറ്റന്നാളും അവധി ദിവസമായതിനാൽ രാവിലത്തെ രണ്ട് ട്രിപ്പും വൈകീട്ടത്തെ ഒരു ട്രിപ്പും മാത്രമേ ഉണ്ടകൂ. ഞായറാഴ്ച സർവ്വീസ് ഇല്ല. മറ്റ് ദിവസങ്ങളിൽ പതിവുപോലെ സർവ്വീസ് നടത്തും. നവംബർ 1ന് മുമ്പായി പണിക്കശ്ശേരി ബസും സർവ്വീസ് നടത്തുമെന്നും മെമ്പർ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments