സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിയെ നയിക്കാൻ വീണ്ടും മാത്യു നൈനാൻ



പട്ടിക്കാട്. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മൂന്നാം തവണയും മാത്യു നൈനാൻ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെ പൂർണ്ണതോതിൽ നിറവേറ്റാനും സംഘടനാപരമായി പാർട്ടിയെ ഒത്തൊരുമിച്ച് കൊണ്ടുപോകാനും മാത്യു നൈനാന് കഴിഞ്ഞതായി ലോക്കൽ സമ്മേളനം വിലയിരുത്തി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ പാണഞ്ചേരി ലോക്കൽ കമ്മിറ്റിക്കു കീഴിലെ 15 ബൂത്തുകളിലും എൽഡിഎഫിന് വലിയ ഭൂരിപക്ഷം നേടിയെടുക്കാനും  ചാണോത്ത്, മേലേച്ചിറ, വഴുക്കുംപാറ നോർത്ത് എന്നിങ്ങനെ മൂന്ന് പുതിയ ബ്രാഞ്ച് കമ്മിറ്റികൾ കൂടി രൂപീകരിച്ച് പാർട്ടിയുടെ വളർച്ചയക്ക് വേഗം കൂട്ടാനും കഴിഞ്ഞത് മാത്യു നൈനാന്റെ പ്രവർത്തന മികവിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടെ ലോക്കൽ കമ്മിറ്റി 

ഓഫീസായ എകെജി മന്ദിരത്തിന്റെ നിർമ്മാണവും കഴിഞ്ഞ ടേമിൽ പൂർത്തീകരിച്ചു. 1986ലാണ് പാർട്ടിയിൽ അംഗത്വം എടുത്ത് മാത്യു നൈനാൻ സജീവ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്കിറങ്ങുന്നത്. തുടർന്ന് മൂന്ന് തവണ കൊമ്പഴ ബ്രാഞ്ച് സെക്രട്ടറിയായി. ഡിവൈഎഫ്‌ഐ പാണഞ്ചേരി മേഖലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സെക്രട്ടറിയായി. ബ്ലോക്ക് കമ്മിറ്റിയിലും പ്രവർത്തിച്ചു. പാണഞ്ചേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡണ്ടായിരുന്ന കാലയളവിൽ സഹകരണ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  മണിയൻകിണർ കോളനിയിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന പട്ടികവർഗ്ഗ വകുപ്പും മിൽമയുമായി സഹകരിച്ച് വാണിയമ്പാറ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ 50 പട്ടിക വർഗ്ഗ കുടുംബങ്ങൾക്കുവേണ്ടി നടപ്പാക്കിയ പശു വളർത്തൽ പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടു. കോളനി നിവാസികളെ ക്ഷീര കാർഷിക രംഗത്തേക്ക് കൊണ്ടുവരുന്നതിനും സ്ഥിര വരുമാനം നേടാനും പദ്ധതി സഹായകമായി.  നിലവിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയാ കമ്മിറ്റി ജോ. സെക്രട്ടറി, വാണിയമ്പാറ ക്ഷീരസംഘം പ്രസിഡണ്ട് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments