പട്ടിക്കാട്. ജില്ലയിലെ ആദിവാസി ഊരുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണിയൻകിണർ, ഒളകര, പൊട്ടിമട തുടങ്ങിയ ആദിവാസി ഊരുകൾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ചെയർമാൻ മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ആദിവാസി ജനവിഭാഗങ്ങൾക്ക് കൃത്യമായ അളവിൽ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കാൻ സിവിൽ സപ്ലൈസ്, അങ്കണവാടി ടീച്ചർ, ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരോട് ആവശ്യപ്പെട്ടു. ആദിവാസി ഊരുകളിൽ ന്യായമായി ലഭിക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ ലഭ്യമാക്കണമെന്നും സംഘം നിർദേശിച്ചു. ഊരുകളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ആദിവാസി വനിതകളെ ഉൾപ്പെടുത്തി ഗോത്ര വർഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മ ബാസുര രൂപീകരിച്ചു. ഊരിലെ വിദ്യാസമ്പന്നയായ വനിതയാണ് കൂട്ടായ്മയുടെ കൺവീനർ. ഇവർക്ക് ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പരിശീലനം നൽകും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഊരുകളിൽ ന്യായമായി ലഭിക്കേണ്ട ഭക്ഷ്യപദാർത്ഥങ്ങൾ ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന് റിപ്പോർട്ട് നൽകുന്നത് ഈ കൂട്ടായ്മയായിരിക്കും. നവംബർ മാസം മുതൽ റേഷൻ സാധനങ്ങൾ നേരിട്ട് ആദിവാസി ഊരുകളിൽ എത്തിക്കണമെന്നും അങ്കണവാടി, റേഷൻകട എന്നിവ വഴി ലഭിക്കേണ്ട ഭക്ഷ്യപദാർത്ഥങ്ങൾ കൃത്യമായ അളവിൽ ആദിവാസികൾക്ക് നൽകണമെന്നും ഉദ്യോഗസ്ഥരോട് ഭക്ഷ്യസുരക്ഷാ കമ്മീഷൻ നിർദേശിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗങ്ങളായ രമേഷ്, വിജയലക്ഷ്മി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ എന്നിവർക്കൊപ്പം ബ്ലോക്ക്തല ഉദ്യോഗസ്ഥർ, റേഷനിങ് ഇൻസ്‌പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫീസർ, പൊലീസ്, ഫോറസ്റ്റ് പ്രതിനിധികൾ എന്നിവരുമുണ്ടായിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments