പട്ടിക്കാട്. വിൽപനക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി നാല് പേർ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെയും പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിൽ പിടിയിലായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൃശൂരിലെ ഒരു ഹോട്ടലിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. വടക്കൻപറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ (47), തിരുവനന്തപുരം വെള്ളയറ സ്വദേശി റാംകുമാർ (41), ചാലക്കുടി വൈന്തല സ്വദേശി സന്തോഷ് (42) എന്നിവരാണു പിടിയിലായത്. വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽനിന്നു പ്രതികളെ പിടികൂടിയത്. ഇവർ വന്ന പത്തനംതിട്ട രജിസ്‌ട്രേഷനിലുള്ള കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ രജിസ്‌ട്രേഷനിലുള്ള മറ്റൊരു വാഹനംകൂടി
പിടിയിലാകാനുണ്ട്. ഇരുതലമൂരിയെ എവിടെനിന്നാണ് ഇവർക്കു കിട്ടിയതെന്നും ആർക്ക് കൈമാറാനാണ് ഉദ്ദേശിച്ചതെന്നും പ്രതികൾ വ്യക്തമാക്കിയിട്ടില്ല. നിലവിൽ മാന്ദാമംഗലം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് പ്രതികൾ ഉള്ളത്. അന്വേഷണങ്ങൾക്കായി പട്ടിക്കാടു ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്കു ഇവരെ കൈമാറും. പട്ടിക്കാട് തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എൻ.യു. പ്രഭാകരൻ, ഷിജു ജേക്കബ്, കെ.വി. ജിതേഷ് ലാൽ, ഗിരീഷ് കുമാർ, ഡ്രൈവർ സി.പി സജീവ്കുമാർ, പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥരായ എസ്എഫ്ഒ ആർ. അജി, ബിഎഫ്ഒമാരായ ജോമോൻ കെ.ജെ, ഗിരീഷ്‌കുമാർ, കിരൺ വേണുഗോപാൽ, ശ്രുതി എസ് നായർ, സൂര്യശ്രീ ടി.ആർ എന്നിവരാണ് സംഘത്തിലുണ്ടായത്. പട്ടിക്കാട് റേഞ്ച് ഓഫീസർ പി. രാജീവ്, മാന്ദാമംഗലം ഡെപ്യൂട്ടി റേഞ്ചർ സി.ഒ സെബാസ്റ്റ്യൻ, പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ചർ വി.എസ് അരുൺ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകും.
ഇരുതലമൂരിയെന്നാണ് പേരെങ്കിലും ഇതിന് ഒരു തലമാത്രമാണുള്ളത്. വാലും തലയും ഒരുപോലിരിക്കും. ആക്രമണങ്ങളിൽനിന്നും തലയുടെ ഭാഗത്തെ രക്ഷിക്കുന്നതിനു വാലാണ് ഉയർത്തിക്കാട്ടുക. ആഗ്രഹ സാഫല്യത്തിന് ഇരുതലമൂരി ഇനത്തിലുള്ള പാമ്പിനെ ബലികൊടുക്കുകയെന്ന അന്ധവിശ്വാസമാണ് ഇവയുടെ വിൽപനയ്ക്കു പിന്നിൽ. സിനിമാ മേഖലയിൽനിന്നുള്ളവരാണ് കൂടുതലും ഇത്തരം വിശ്വാസങ്ങൾ വച്ചുപുലർത്തുന്നതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments