തെക്കുംപാടം തോടിന്റെ ബണ്ട് പുനർനിർമ്മിച്ചില്ല; വീണ്ടും വെള്ളക്കെട്ടിലകപ്പെടുമോ എന്ന ആശങ്കയിൽ നാട്ടുകാർ

തെക്കുംപാടം. കൊച്ചി സേലം ഗ്യാസ് പൈപ്പ്‌ലൈൻ പണികൾക്കായി പാണഞ്ചേരി പഞ്ചായത്തിലെ തെക്കുംപാടം തോടിന്റെ ബണ്ട് പൊളിച്ചത് പുനർനിർമ്മിക്കാത്തതിനാൽ കനത്ത മഴയിൽ താൽക്കാലിക ബണ്ട് തകർന്ന് പ്രദേശത്ത്  വീണ്ടും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. രണ്ടുദിവസമായി മഴ തുടരുകയാണ്. കഴിഞ്ഞ ജൂലൈ 6 നാണ് കൊച്ചി സേലം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തെക്കുംപാടം സെന്ററിന് സമീപത്തെ ചീപ്പിൽ നിന്നും ഏകദേശം 50 മീറ്ററോളം മാറി  തോടിന്റെ പാർശ്വഭിത്തി പൊളിച്ചത്. പാർശ്വഭിത്തി  പൊട്ടിച്ച് തോടിന് കുറുകെ ട്രഞ്ച് താഴ്ത്തി പൈപ്പ് ഇട്ടതിനുശേഷം നിർമ്മിച്ച താൽക്കാലിക ബണ്ട് മഴ തുടർന്നതോടെ തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകി. ഇതോടെ പ്രദേശമാകെ കനത്ത വെള്ളക്കെട്ടിലായി, കൃഷി നാശമുണ്ടായി. പ്രദേശത്ത് പൈപ്പ് ലൈൻ പണികൾ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും  മഴ ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ്

തോടിന് കുറുകെ പൈപ്പിടാൻ ഉള്ള പണികൾ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പണികൾ അതിവേഗം പൂർത്തീകരിക്കണമെന്ന കാരണം കാണിച്ച് അപേക്ഷ നൽകിയാണ് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയുടെ പക്കൽ നിന്നും ഇതിനായുള്ള താൽക്കാലിക അനുമതി കമ്പനി നേടിയത്. ഈ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവർ പഞ്ചായത്തിൽ അടയ്‌ക്കേണ്ട പണവും അടച്ചിരുന്നില്ല. വെള്ളക്കെട്ടും കൃഷ്‌നാശവും ഉണ്ടായതിനെ തുടർന്ന് അടുത്ത ദിവസം തന്നെ തോടിന്റെ ബണ്ട് അടിയന്തരമായി പുനർനിർമിക്കാൻ കെ എസ് എസ് പി എൽ പ്രോജക്ട് ഡയറക്ടർ കൃഷ്ണദാസിന് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. തുടർന്ന് ക്വാറി വേസറ്റ് നിറച്ച ചാക്കുകൾ കൊണ്ടുവന്ന താൽക്കാലികമായ ഒരു സംവിധാനം ഉണ്ടാക്കി. മഴ മാറിയാൽ ഉടൻ തന്നെ 10 മീറ്ററോളം ദൂരത്തിൽ കരിങ്കല്ലുകെട്ടി തോടിന് പാർശ്വഭിത്തി നിർമ്മിക്കുമെന്നും പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ച നാല് റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനുമായി നടത്തിയ ചർച്ചയിൽ കെഎസ്എസ്പിഎൽ അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ പിന്നീട് പണികളൊന്നും തന്നെ നടന്നില്ല. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ കമ്പനി അടയ്‌ക്കേണ്ട തുകകൾ  അടച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് വാർഡ് മെമ്പർ എം.ജെ അനീഷ് പറയുന്നു. കമ്പനി അധികൃതരോട് ഇക്കാര്യം തിരക്കിയപ്പോൾ ഡിമാന്റ് നോട്ടീസ് നൽകാത്തതുകൊണ്ടാണ് പണം അടയ്ക്കത്താത്ത് എന്നാണ് നൽകിയ വിശദീകരണമെന്നും വാർഡ് മെമ്പർ പറഞ്ഞു. ഏതായാലും ഇപ്പോൾ മഴ വീണ്ടും ശക്തമായതോടെ നിറഞ്ഞൊഴുകുന്ന തോട് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments