കൊമ്പഴ ദേശീയപാതയിൽ ഒളിച്ചിരിക്കുന്നത് വൻ അപകടം


കൊമ്പഴ. ആറുവരിപ്പാതയുടെ മധ്യത്തിൽ അപകടക്കെണിയായി തുറന്നുകിടക്കുകയാണ് കൾവർട്ടിനു മുകളിലെ വലിയ കിടങ്ങ്.  ഇരു ഭാഗത്തേയ്ക്കുമുള്ള പാതകളെ വേർതിരിക്കുന്ന ഡിവൈഡറിനു നടുവിലായാണ് പത്തടിയിലേറെ താഴ്ചയുള്ള കിടങ്ങുള്ളത്. ഈ ഭാഗത്ത് ദേശീയപാതയ്ക്ക് അടിയിലൂടെ കുറുകെ കടന്നുപോകുന്ന ഓവു ചാലിലേക്ക് എത്തുന്ന തരത്തിലാണ് കിടങ്ങ് നിർമ്മിച്ചിട്ടുള്ളത്.  ഇതിനു മുകളിൽ സ്ലാബിട്ട് അടച്ചിട്ടില്ലെന്നു മാത്രമല്ല, സാധാരണയായി ഡിവൈഡറിൽ എല്ലായിടത്തും
 

സ്ഥാപിക്കാറുള്ള അയേൺ ക്രാഷ് ബാരിയറും ഇല്ല. അപകട സൂചന നൽകുന്ന തരത്തിൽ ഒരു റിബ്ബൺ പോലും കെട്ടിയിട്ടില്ല. റോഡിന് നടുവിൽ ഇത്രയും വലിയൊരു അപകടം ഒളിച്ചിരിക്കുന്നതായി  പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടില്ല. ഒട്ടേറെ അപകടങ്ങളുണ്ടായിട്ടും കാലങ്ങളായി ഇതിങ്ങനെ തുറന്നു കിടന്നിട്ടും അധികൃതരാരും കണ്ട ഭാവം നടിക്കുന്നില്ലെന്നും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും  നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് റോഡിന്റെ ടാറിംഗും നടന്നതാണ്. ഇടതുവശം ചേർന്ന പോകുന്ന വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും ഇവിടെ അപകടത്തിൽ പെടാം. ബൈക്കുകൾ കിടങ്ങിൽ വീണാൽ പെട്ടെന്നൊന്നും ആരും അറിയുകപോലുമില്ല.  കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികന് ഈ കിടങ്ങിൽ വീണ് സാരമായ പരുക്കേറ്റിരുന്നു. ഇത്തരത്തിൽ ദേശീയപാതയിൽ പലയിടത്തും തുറന്നുകിടക്കുന്ന കിടങ്ങുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്ലാബിട്ട് കിടങ്ങ് അടച്ചുവെക്കാൻ കഴിയില്ലെങ്കിൽ അപകടസൂചന നൽകാനെങ്കിലും എന്തെങ്കിലും ചെയ്തുകൂടേ എന്നാണ് ഇതു വഴി കടന്നുപോകുന്ന യാത്രക്കാരുടെയും അപകടമുണ്ടായാൽ ഓടിയെത്തുന്ന പ്രദേശവാസികളുടെയും ചോദ്യം.  ആരുടെയെങ്കിലും ജീവൻ അപകടത്തിൽ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കാതെ ദേശീയപാതാ അതോറിറ്റിയുടെയോ കരാർ കമ്പനിയുടെയോ ഉത്തരവാദപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments