പീച്ചി ഡാം റോഡിൽ കിഫ്ബി ഉദ്യോഗസ്ഥർ അളവെടുപ്പു നടത്തുന്നു
പീച്ചി: വിലങ്ങന്നൂർ മുതൽ പട്ടിക്കാട് വരെ പീച്ചി ഡാം റോഡ് റീ ടാറിംഗ് നടത്തുന്നു. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായാണ് ഇത്രയും ഭാഗം ടാറിംഗ് നടത്തുന്നത്. കിഫ്ബിക്കാണ് നിർമ്മാണ ചുമതല. കിഫ്ബി ഉദ്യോഗസ്ഥരെത്തി ഇതുമായി ബന്ധപ്പെട്ട സ്ഥല പരിശോധനയും അളവെടുപ്പും ആരംഭിച്ചു. പീച്ചി ഡാം റോഡിൽ വിലങ്ങന്നൂർ മുതൽ പട്ടിക്കാട് വരെ നിലവിൽ മലയോര ഹൈവേയുടെ റൂട്ടിൽ ഉൾപ്പെടുന്നതാണ്. റോഡിന് ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അഴുക്കുചാൽ നിർമിച്ച് വീണ്ടും ടാറിംഗ് നടത്തണം. പീച്ചി ഡാം റോഡിൽ നിരവധി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുണ്ട്. മിക്കയിടത്തും
കാനകളില്ലാത്തതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാണ്. കണ്ണാറയിൽ പുതിയ പാലത്തിന് കിഴക്കു ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതു വരെയും നടത്തിയിട്ടില്ല. പീച്ചി ഭാഗത്തേയ്ക്ക വരുന്ന വാഹനങ്ങൾ പാലം കഴിഞ്ഞ് പഴയ റോഡിലേക്ക് പ്രവേശിക്കുന്നത് അപകടകരമായ നിലയിലാണ്. ഈ ഭാഗത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പാലത്തിൽ നിന്ന് റോഡ് നേരെ പണിയണമെന്നത് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്ന കാര്യമാണ്. ആൽപ്പാറ വാര്യത്തു പടിക്കു സമീപം പൈപ്പ്‌ലൈൻ റോഡിൽ നിന്ന് എപ്പോഴും ഒഴുകിയെത്തുന്ന വെള്ളമാണ് ഈ ഭാഗത്ത് റോഡ് തകരുന്നതിന് പ്രധാന കാരണം. ഈ ഭാഗത്ത് കാന നിർമ്മിക്കേണ്ടത് അനിവാര്യമാണ്. പള്ളിക്കണ്ടംപ്രദേശത്തും റോഡിൽ പതിവായുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട പണികളും നടത്തണം. ചെന്നായ്പാറയിൽ വെച്ചാണ് മലയോര ഹൈവേ പാണഞ്ചേരിയിൽ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് വിലങ്ങന്നൂർ വഴി പീച്ചി റോഡിലൂടെ ദേശീയപാതയിലേക്ക് എത്തിച്ചേരുന്നു. മലയോര ഹൈവേ പീച്ചി പട്ടിലുംകുഴി മയിലാട്ടുംപാറ, തെക്കുംപാടം വഴി വഴുക്കുംപാറയിൽ ദേശീയപാതയിൽ ചെന്നു ചേരുന്ന വിധത്തിൽ റൂട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്. അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.ഐ. സജിത്, എ.ഇ.മാത്സൻ മാത്യു, പ്രോജക്ട് എഞ്ചിനീയർമാരായ അനിൽ വിൽസൻ, പി.ബി.ബിനീഷ് എന്നിവരുടെ സംഘമാണ് അളവെടുപ്പും പരിശോധനയും നടത്തിയത്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments