എല്ലാ വീട്ടിലും കുടിവെള്ളം ; പാണഞ്ചേരിയിൽ ജലജീവൻ പദ്ധതി വിപുലപ്പെടുത്തുന്നു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ചേർന്നു. നിലവിൽ അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്. വിതരണ ലൈൻ എത്തിനിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കണക്ഷനുകൾ നൽകിവരുന്നുണ്ട്.   പാണഞ്ചേരി പഞ്ചായത്തിൽ ഉള്ള 11931 വീടുകളിൽ 3762 വീടുകൾക്ക് വാട്ടർ അതോറിറ്റിയുടെയോ ജലനിധി യുടെയോ കണക്ഷൻ ഉണ്ട്.  ബാക്കിയുള്ള 8169 വീടുകൾക്കും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലയോരമേഖലകൾ ഉൾപ്പെടെ മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കണമെങ്കിൽ നിലവിലുള്ള വിതരണ സംവിധാനത്തിനു പുറമേ രണ്ടു പുതിയ ടാങ്കുകൾ കൂടി ആവശ്യമുണ്ട്. വാണിയമ്പാറയിലെ
 

അടുക്കളപ്പാറയിലും പീച്ചി പാലക്കുന്നത്തും അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് വാട്ടർ അതോറിറ്റിയെ ഏൽപ്പിക്കണം. അതുമായി ബന്ധപ്പെട്ട അലോചനകളും നടന്നുവരുന്നു.  കേന്ദ്രസംസ്ഥാന സർക്കാരുകൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള വാട്ടർ അതോറിറ്റിയാണ് കേരളത്തിൽ പദ്ധതിയുടെ ഇംപ്ലിമെന്റിംഗ് ഏജൻസി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സഹായങ്ങൾ ചെയ്യുന്ന സപ്പോർട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുന്നത് കോഴിക്കോട് രാമനാട്ടുകര ആസ്ഥാനമായുള്ള ഗ്രാമ നിർമ്മാണ സമിതിയാണ്. ഇവർക്ക് ഓരോ ബ്ലോക്കിലും കോ-ഓർഡിനേറ്റർമാരും പഞ്ചായത്തുകൾ തോറും ഫെസിലിറ്റേറ്റർമാരുണ്ട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാട്ടികയിലെ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയപ്രകാശ്, അസി. എഞ്ചിനീയർ അനൂപ്,  പദ്ധതിയുടെ ഒല്ലൂക്കര ബ്ലോക്ക് കോ-ഓർഡിനേറ്റർ അക്ഷ, പുഴക്കൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഗ്രീഷ്മ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ സ്‌നേഹ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ കെ.വി അനിത, സുബൈദ അബൂബക്കർ, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments