വാണിയമ്പാറ മേലേചുങ്കത്ത് സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് നാട്ടുകാർ


വാണിയമ്പാറ. വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ ദേശീപാതയിൽ വാണിയമ്പാറ മേലേചുങ്കത്ത് സർവ്വീസ് റോഡുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ. അപകടങ്ങൾ പരമാവധി ഒഴിവാക്കി വിലപ്പെട്ട ജീവനുകൾ രക്ഷിക്കണമെങ്കിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.  ജില്ല അതിർത്തിയായ വാണിയമ്പായിൽ അടിപ്പാത നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. അതിനുള്ള ഒരു നടപടിയൊന്നും ഹൈവേ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്നാൽ ഈ ഭാഗത്ത് സർവ്വീസ്
 

റോഡിന്റെ നിർമ്മാണമെങ്കിലും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലക്കാടു ഭാഗത്തുനിന്നും  ബസ്സിൽ വാണിയമ്പാറയിലിറങ്ങി ദേശീയപാത കുറുകെ കടക്കുന്നവരാണ് ഏറെയും അപകടത്തിൽ പെടുന്നത്. ദേശീയ പാതയുടെ തെക്കുഭാഗത്ത് സർവ്വീസ് റോഡില്ലാത്തിനാൽ പ്രധാനപാതയിൽ തന്നെയാണ് ബസുകൾ നിർത്തുന്നത്.  എളനാട്, ചേലക്കര, പഴയന്നൂർ, കണ്ണമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുവരുന്ന ബസുകളും മറ്റ് വാഹനങ്ങളും ദേശീയപാതയിലേക്ക് പ്രവേശിച്ച് തൃശൂർ ഭാഗത്തേക്ക് തിരിയുന്നതും ഈ ജങ്ഷനിലാണ്. ഈ സമയത്ത് ഇരു ഭാഗത്തുനിന്നും വളരെ വേഗതയിൽ വരുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ ജങ്ഷനിൽ ആകെ ആശയക്കുഴപ്പമാണ്. അപ്പോൾ ദേശീയ പാത നടന്നു കുറുകെ കടക്കുക എന്നത് വളരെ അപകടകരമാണ്.   തെക്കുഭാഗത്തെ സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാക്കിയാൽ പാലക്കാട് ഭാഗത്തുനിന്ന വരുന്ന ബസുകൾക്ക് സർവ്വീസ് റോഡിലൂടെ  വന്ന്  ബസ് സ്‌റ്റോപ്പിൽ നിർത്തി ആളെ കയറ്റുകയോ ഇറക്കുകയോ ആകാം. യാത്രക്കാർക്ക് സുരക്ഷിതമായി ബസ്സ്‌റങ്ങി നിൽക്കാനെങ്കിലും കഴിയും.  തടസ്സങ്ങൾ നീങ്ങി സർവ്വീസ് റോഡിനുള്ള ഭൂമി ഏറ്റെടുത്തു കഴിഞ്ഞിട്ടും പണികൾ തുടങ്ങാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പ്രധാന പാതയോട് ചേർന്ന് പത്തടിയിലേറെ താഴെയാണ് സർവ്വീസ് റോഡ് നിർമ്മിക്കേണ്ട സ്ഥലം. നിലവിൽ  ടാറിംഗിനോട് ചേർന്ന് കാട് വളർന്നു നിൽക്കുന്നതിനാൽ ഈ ഗർത്തം പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. കണ്ണൊന്നു തെറ്റിയാൽ തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് അടിയന്തരമായി ഈ പ്രദേശം മണ്ണിട്ടുയർത്തി സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




Post a Comment

0 Comments