പള്ളിക്കണ്ടം വളവിലെ കുഴി
പട്ടിക്കാട്. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പീച്ചി ഡാമിലേക്കുള്ള മെക്കാഡം റോഡിൽ നിറയെ കുഴികളാണ്. പലയിടത്തും റോഡ് പൂർണ്ണമായും തകർന്നു. പീച്ചി റോഡ് ജങ്ഷൻ മുതൽ കണ്ണാറ പാലം വരെയുള്ള ഭാഗത്താണ് റോഡിൽ വ്യാപകമായി കുഴികളുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു തവണ കുഴിയടയ്ക്കൽ നടന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല. അടച്ച കുഴികളൊക്കെ തുറന്നു. അന്ന് അടയ്ക്കാതിരുന്ന ചെറിയ കുഴികളൊക്കെ വലിയ കുഴികളായി മാറുകയും ചെയ്തു. എടപ്പലത്തും, പള്ളിക്കണ്ടത്തും, വാര്യത്തുപടിയിലും, ആൽപ്പാറ സെന്ററിനു സമീപവുമൊക്കെയുള്ള കുഴികൾ വലിയ അപകടങ്ങൾക്കും ഇടയാക്കും. പള്ളിക്കണ്ടം വളവിലുള്ള കുഴികളിൽ വീഴാതിരിക്കാൻ വഹനം വെട്ടിച്ചാൽ പിന്നിലൂടെയോ എതിരെയോ വരുന്ന വാഹനങ്ങളുമായി അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇരു ചക്രവാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടത്തിൽ പെടുന്നു. ആൽപ്പാറ വാര്യത്തുപടിയിൽ പൈപ്പ് ലൈൻ റോഡിലെ കാനകളിൽ നിന്നും ഒഴുകി വരുന്ന വെള്ളം മുഴുവൻ പീച്ചി ഡാം റോഡിലൂടെയാണ് ഒഴുകുന്നത്. മഴക്കാലത്തു മാത്രമല്ല വേനൽക്കാലത്തും ഇതാണ് അവസ്ഥ. റോഡിന് കാനകൾ നിർമ്മിക്കാത്തതും വെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുന്നതുമാണ് മെച്ചപ്പെട്ട രീതിയിൽ നിർമ്മിച്ചിരുന്ന ഈ മെക്കാഡം റോഡിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണം.
വാരിയത്ത്പടിയിലെ തകർന്ന റോഡ്
നിലവിൽ പീച്ചി ഡാം റോഡിന്റെ വീതി പത്തു മീറ്ററാണ്. കാലങ്ങളോളം തകർന്നു തരിപ്പണമായി അപകടങ്ങളും മരണങ്ങളും നിത്യസംഭവമായതോടെ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെയും രാഷ്ട്രീയപാർട്ടികളുടേയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ ഒട്ടനവധി സമരങ്ങൾ നടന്നിരുന്നു. തുടർന്ന് ഒല്ലൂർ എംഎൽഎ ആയിരുന്ന രാജാജി മാത്യു തോമസിന്റെ കാലത്താണ് പീച്ചി ഡാം റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. തുടർന്ന് എം.എൽ.എ ആയ എം.പി വിൻസന്റിന്റെ ശ്രമഫലമായാണ് പീച്ചിയിലേക്ക് മെക്കാഡം റോഡ് യാഥാർത്ഥ്യമായത്. പണി പൂർത്തീകരിച്ച് എട്ടു വർഷം കഴിഞ്ഞു. ഇതു വരെയും റോഡിന്റെ റീ ടാറിംഗ് നടത്തിയിട്ടില്ല. 2020 ആഗസ്റ്റിൽ റോഡിന്റെ റീ ടാറിംഗിനായി പീച്ചി റോഡ് ജങ്ഷൻ മുതൽ ഡാം ഗേറ്റ് വരെ 8 കിലോമീറ്റർ ദൂരം ഇരുവശങ്ങളും അളന്നു തിട്ടപ്പെടുത്തുന്ന സർവ്വേ നടത്തിയിരുന്നു. പൊതുമരാമത്തു വകുപ്പിന് വേണ്ടി എറണാകുളത്തുള്ള സ്വകാര്യ കമ്പനിയാണ് സർവ്വേ നടത്തിയത്. ഇരുവശവും വീതി കൂട്ടി കാനകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തികൾക്കാണ് അന്ന് സർവ്വേ നടത്തിയത്. പിന്നീട് 2021 ഫെബ്രുവരിയിൽ പീച്ചി ഡാം റോഡിന്റെ റീ ടാറിംഗിനായി പൊതുമരാമത്തു വകുപ്പിന്റെ പ്രത്യക പാക്കേജിൽ ഉൾപ്പെടുത്തി 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ ആയിരുന്ന കെ. രാജൻ അറിയിച്ചിരുന്നു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ നിർദ്ദിഷ്ട മലയോര ഹൈവേയുടെ റൂട്ടിന്റെ ഭാഗമായി വരുന്ന വിലങ്ങന്നൂർ മുതൽ പീച്ചി റോഡ് ജങ്ഷൻ വരെയുള്ള ഭാഗത്ത് കിഫ്ബിയുടെ പദ്ധതിയിൽ ഉൽപ്പെടുത്തി റീടാറിംഗ് നടത്താനുള്ള സർവ്വേ കഴിഞ്ഞ ദിവസം നടന്നിരുന്നു. സർവ്വേകളും പ്രഖ്യാപനങ്ങളുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും റോഡിന്റെ റീടാറിംഗ് നീണ്ടു പോവുകയാണ്. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കാനകൾ നിർമ്മിച്ച് റോഡിന്റെ റീടാറിംഗ് നടത്തിയില്ലെങ്കിൽ അധികം വൈകാതെ പീച്ചി ഡാം റോഡിന്റെ തകർച്ച പൂർണ്ണമാകും.
0 Comments