പീച്ചി പട്ടിലുംകുഴിയിലെ 'കോടതി പാലം': ആഘോഷത്തിനൊരുങ്ങി നാട്ടുകാർ


പീച്ചി. രണ്ടു പതിറ്റാണ്ടു നീണ്ട സമര, നിയമ പോരാട്ടങ്ങൾക്കൊടുവിൽ നാട്ടുകാർ നേടിയെടുത്ത 'കോടതി പാലം' എന്ന് പേരു വീണ പട്ടിലുംകുഴി-കട്ടച്ചിറ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതിന്റെ ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ. നാളെ (ഡിസംബർ 26 ഞായർ) ഉച്ചകഴിഞ്ഞ്  3 മണിക്ക് ജനകീയാഘോഷങ്ങൾക്ക് തുടക്കമാകും. പ്രശസ്ത സിനിമാ താരം ജയരാജ് വാര്യർ മുഖ്യാതിഥിയായി പങ്കെടുക്കും. മണലിപ്പുഴയ്ക്ക് കുറുകെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കാൻ പദ്ധതിയിട്ട പാലത്തിന് സി.എൻ ജയദേവൻ ഒല്ലൂർ എംഎൽ എ ആയിരുന്ന കാലത്താണ് ശിലാസ്ഥാപനം നടത്തിയത്. എന്നാൽ സർക്കാരുകൾ മാറിവന്നെങ്കിലും പാലത്തിന് ഫണ്ട് അനുവദിക്കുകയോ നിർമ്മാണം തുടങ്ങുകയോ
 

ഉണ്ടായില്ല.  തുടർന്ന് അഡ്വ. ഷാജി. ജെ കോടങ്കണ്ടത്ത്, മയിലാട്ടുംപാറ വാർഡ് മെമ്പർ കെ.പി. എൽദോസ് എന്നിവർ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകി. പാലത്തിന്റെ ഡിസൈനും, എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിക്കാനും അടിയന്തരമായി പാലത്തിന് ആവശ്യമായ ഫണ്ടും ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭ്യമാക്കാനും പൊതു മരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. എന്നാൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലായിരുന്നു കാര്യങ്ങൾ. തുടർന്ന് വിവിധ സമരപരിപാടികളുമായി നാട്ടുകാർ നിരന്തരം രംഗത്തു വന്നു. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതിയിൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതിനെ തുടർന്നാണ് പാലം നിർമ്മാണത്തിനായി 8.40 കോടി രൂപയുടെ  ഫണ്ട് അനുവദിച്ചത്. 2019 ഫെബ്രുവരി 24ന് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ജനകീയമായി തുടക്കം കുറിച്ചു. 125 മീറ്റർ നീളവും 12 മീറ്റർ വീതിയും ഒരു ഭാഗത്ത്  നടപ്പാതയും പാലത്തിനുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ നാട്ടിൽ വികസനം കൊണ്ടു വരാനാകുമെന്ന സന്ദേശമാണ് കോടതിപ്പാലമെന്ന പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലം നൽകുന്നത്.



Post a Comment

0 Comments