ബാബു തോമസും കെ.പി ചാക്കോച്ചനും കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാർ


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ പുതിയതായി രൂപീകരിച്ച പീച്ചി പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ പ്രസിഡണ്ടുമാരായി ബാബു തോമസിനെയും  കെ.പി ചാക്കോച്ചനെയും ജില്ല കോൺഗ്രസ്സ് കമ്മിറ്റി നിയമിച്ചു. തൃശൂർ ഡിസിസിയിൽ വെച്ചുനടന്ന ചടങ്ങിൽ വെച്ച് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിൽ നിന്നും പീച്ചി മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ബാബു തോമസും പാണഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി കെ.പി ചാക്കോച്ചനും ചുമതലയേറ്റു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ്, മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് ലീലാമ്മ തോമസ്, പാണഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായിരുന്ന റോയ് കെ. ദേവസ്സി എന്നിവർ പങ്കെടുത്തു. പാണഞ്ചേരി മണ്ഡലം


കമ്മിറ്റി പുനസ്സംഘടിപ്പിച്ച് പീച്ചി കേന്ദ്രീകരിച്ച് പുതിയ മണ്ഡലം കമ്മിറ്റി കൂടി  രൂപീകരിക്കണമെന്നത്  ഒരു പതിറ്റാണ്ടിലേറെ കാലമായി കോൺഗ്രസ്സുകാർ ഉന്നയിച്ചിരുന്ന ആവശ്യമാണ്. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായി കെ.സി അഭിലാഷ് ചുമതലയേറ്റതു മുതൽ ഇതിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു.  ഒളകര മുതൽ ആശാരിക്കാട് വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി ഒരു നിയോജക മണ്ഡലത്തോളം വിശാലമായിരുന്നു. പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളും പരിപാടികളും താഴേത്തട്ടിൽ വരെ എത്തിക്കുന്നതിന് രണ്ട് മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നത് ഫലപ്രദമാകുമെന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് പീച്ചി മണ്ഡലം കമ്മിറ്റി രൂപീകരിച്ചത്. ഉടൻ തന്നെ നേതൃയോഗങ്ങൾ വിളിച്ചു ചേർത്ത് മറ്റ് ഭാരവാഹികളെ നിശ്ചയിക്കാനും യൂണിറ്റ് കമ്മിറ്റികൾ  രൂപീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡണ്ടുമാരായ ബാബു തോമസ് കെ.പി ചാക്കോച്ചൻ എന്നിവർ പറഞ്ഞു.



Post a Comment

0 Comments