സ്മിതയ്ക്കും മക്കൾക്കും സ്വപ്നഭവനം സമ്മാനിച്ച് മേഴ്‌സി കോപ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്

സ്മിതയ്ക്കും കുടുംബത്തിനും മേഴ്‌സി കോപ്‌സ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

പട്ടിക്കാട് . ആൽപ്പാറ ശാന്തിനഗറിൽ ഏതു സമയത്തും തകർന്നു വീണേക്കാവുന്ന വീടിന്റെ അരക്ഷിതത്വത്തിൽ നിന്ന് ഒടുവിൽ സ്മിതയ്ക്കും മക്കൾക്കും മേചനം. മേഴ്‌സി കോപ്‌സ് ചാരിറ്റബിൾ സൊസൈറ്റി ഇവർക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഇന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സമാനതകളില്ലാത്ത തരത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് മേഴ്‌സി കോപ്‌സ് എന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഒരു വർഷം മുമ്പാണ് സ്മിതയുടെ ഭർത്താവ്  മരണപ്പെടുന്നത്. ഇതേ തുടർന്ന് പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി 

ദുരിതക്കയത്തിലായ കുടുംബത്തിന്റെ ദയനീയാവസ്ഥ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനാണ് മേഴ്‌സി  കോപ്‌സ് പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് 7 ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് ഇവർക്കായി ഒരുക്കുകയായിരുന്നു. സ്മിതയ്ക്കും കുടുംബത്തിനും ലഭിച്ച ഏറ്റവും വിലയേറിയ ക്രിസ്മസ് സമ്മാനമായി ഈ മനോഹരമായ വീട്. കേക്കു മുറിച്ചുകൊണ്ട് കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തിലും മന്ത്രി പങ്കു ചേർന്നു. 2012 ആഗസ്റ്റ് 15ന് തൃശൂർ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ പ്രസ്ഥാനമാണ് മേഴ്‌സി  കോപ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്. ഭവന നിർമ്മാണം, ഹെൽത്ത് കെയർ, കുടിവെള്ളം, വിവാഹ ധനസഹായം, വിദ്യാഭ്യാസം, ഡ്രസ്സ് ബാങ്ക് തുടങ്ങിയ വിവിധ മേഖലകളിൽ മേഴ്‌സി കോപ്‌സ് സഹായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. താക്കോൽ ദാന ചടങ്ങിൽ സംഘടന ചെയർമാൻ അഡ്വ. കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് സി.കെ രാമചന്ദ്രൻ, വാർഡ് മെമ്പർ സുശീല രാജൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജോസ്, മാർട്ടിൻ മാത്യൂസ്, ഡോ. ജയേഷ് കെ ജോസഫ്, ശ്രീജേഷ് പട്ടിക്കാട് തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments