പുത്തൂർ. ഊട്ടിക്ക് അടുത്തുള്ള കുനൂരിൽ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന് (38) നാടിന്റെ പ്രണാമം. തൃശൂർ പൊന്നൂക്കര അറയ്ക്കൽ രാധാകൃഷ്ണന്റെ മൂത്ത മകനാണ് പ്രദീപ്. ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ സൈനികനടപടിയിലും ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. 2018 ൽ കേരളത്തിലെ പ്രളയ കാലത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ സേവനം ചെയ്തു. പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലാണ് താമസം. എതാനും നാൾ മുമ്പ് മകന്റെ പിറന്നാളും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടിൽ എത്തിയിരുന്നു. തിരികെയെത്തി ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. ഇന്ന് വൈകുന്നേരത്തോടെ ഭൗതിക ശരീരം വീട്ടിൽ എത്തിക്കും. സംസ്‌കാരം പിന്നീട്. അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷി. മക്കൾ ദക്ഷൻ ദേവ് (5) ദേവപ്രയാഗ് (2)
0 Comments