പൂവൻചിറയിൽ നീർച്ചാൽ വഴിതിരിച്ചുവിട്ടു ; ഒരേക്കർ നെൽകൃഷി വെള്ളം കയറി നശിച്ചു

വെള്ളം കയറി നെൽകൃഷി  നശിച്ച  വയലിൽ കർഷകൻ ഫ്രാൻസിസ് 

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ  പൂവൻചിറയിൽ സ്വകാര്യ വ്യക്തികൾ ചേർന്ന് നീർച്ചാൽ വഴി തിരിച്ചുവിട്ടതിനെ തുടർന്ന്  നെൽകൃഷി വെള്ളം കയറി അഴുകി നശിച്ചു. പൂവൻചിറ ചിതലൻ വീട്ടിൽ ഫ്രാൻസിസിന്റെ ഒരേക്കറോളം വിളവെടുക്കാറായ നെൽകൃഷിയാണ് നശിച്ചത്. എസ്എൻഡിപിക്കു സമീപത്തുള്ള നീർച്ചാൽ വഴിതിരിച്ചു വിട്ടതിനെ തുടർന്ന് ഫ്രാൻസിസിന്റെ കൃഷി സ്ഥലത്തേക്ക് അനിയന്ത്രിതമായി വെള്ളം കയറുകയായിരുന്നു. 50 ഹെക്ടറോളം ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്ന പൂവൻചിറയിൽ ഇപ്പോൾ  ഫ്രാൻസീസിന്റെ കൃഷി ഉൾപ്പെടെ  13 ഏക്കറോളം സ്ഥലത്ത്  മാത്രമാണ് കൃഷി ഉള്ളത്. നീർച്ചാൽ പഴയരീതിയിൽ പുനസ്ഥാപിച്ചില്ലെങ്കിൽ നെൽകൃഷി തുടരാനാവാത്ത സ്ഥിതിയാണെന്ന്  ഫ്രാൻസിസ് പറഞ്ഞു. പലരും നെൽകൃഷി ഉപേക്ഷിച്ചതിനെ തുടർന്നാണ്  പറമ്പുകൾക്ക് തടസ്സമാകാത്ത രീതിയിൽ നീർച്ചാൽ വഴി തിരിച്ചു വിടാൻ തുടങ്ങിയത്.  ചാല് പലയിടത്തും നികത്തപ്പെടുകയും ചെയ്തു. ഈ വർഷം  മഴ ശക്തമായതോടെ ചാൽ കവിഞ്ഞൊഴുകി പാടത്ത് വെള്ളക്കെട്ടുണ്ടായി. നീർച്ചാലിന്റെ സ്ഥാനം മാറ്റിയത് ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നതായും എന്നാൽ പരാതി ലഭിച്ചതായി സെക്രട്ടേറിയേറ്റിൽ നിന്നും മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും നടപടികളൊന്നും ആയില്ലെന്നും ഫ്രാൻസിസ് പറഞ്ഞു. പാണഞ്ചേരി കൃഷിഭവനിൽ  നൽകിയ പരാതിയിൽ നീർച്ചാൽ മാറ്റിയതു സംബന്ധിച്ച് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകിയതായി കൃഷി ഓഫീസർ ടി.ആർ അഭിമന്യു അറിയിച്ചു. പ്രദേശത്തെ ആതുരാലയമായ പൂവൻചിറ കരിസ്മ സെന്ററിന്റെ അധീനതയിലുള്ള 12 ഏക്കർ കൃഷിഭൂമിയും നീർച്ചാൽ വഴിമാറ്റിയത് മൂലം വെള്ളക്കെട്ട് ഭീഷണിയിലാണ്. 



Post a Comment

0 Comments