പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് താണിപ്പാടത്ത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ ടാറിംഗ് നടത്തിയ ഭാഗം ഇളകിപ്പോയി. ഇതു മൂലം റോഡിന് നടുവിൽ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ വേഗതയിൽ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ അപകട സാധ്യത. ഗുണനിലവാരമില്ലാത്ത ടാറിംഗ് നടത്തി അതിവേഗം നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിക്കാനുള്ള ശ്രമമാണ് കരാർ കമ്പനി നടത്തുന്നത് എന്ന് ആർവൈഎഫ് തൃശൂർ ജില്ല സെക്രട്ടറി വിഷ്ണു രവീന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിഷ്ണു ജില്ല കളക്ടർക്ക് പരാതി നൽകി. ദേശീയപാതയിൽ ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്ന സ്ഥലമാണ് താണിപ്പാടം. അതുകൊണ്ട് എത്രയും പെട്ടെന്ന് പ്രദേശത്തെ ടാറിങ് പൊളിച്ചുമാറ്റി പുതിയ ടാറിങ്ങ് നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
0 Comments