ഗവ. ഐടിഐ പീച്ചിയിൽ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭ പ്രമേയം പാസ്സാക്കി


പീച്ചി. സർക്കാർ  അനുവദിച്ച ഗവ. ഐടിഐ പീച്ചിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പീച്ചി വാർഡ് ഗ്രാമസഭ പ്രമേയം പാസ്സാക്കി. ആവശ്യമായ സ്ഥലം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉള്ള പീച്ചിയിൽ തന്നെ ഐടിഐ സ്ഥാപിക്കുന്നത് എല്ലാ തരത്തിലും ഗുണകരമാകുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. കെട്ടിടനിർമ്മാണത്തിനും മറ്റ് സൗകര്യങ്ങൾക്കും അനുയോജ്യമായ നിരപ്പായ ഭൂമി പീച്ചി വാർഡിൽ പലയിടത്തുമുണ്ട്. കെഇആർഐ ക്വാർട്ടേഴ്‌സുകൾ തകർന്നു പോയ സ്ഥലത്ത് അഞ്ചേക്കറോളം ഭൂമിയുണ്ട്. റിക്രിയേഷൻ ക്ലബ്ബ് നിലനിന്നിരുന്ന സ്ഥലത്ത് രണ്ട് ഏക്കറോളവും ഡയറക്ടറുടെ വസതി ഉണ്ടായിരുന്ന സ്ഥലത്ത് ഒന്നര ഏക്കറോളവും ഭൂമി ഉണ്ട്.  ജലവിഭവ വകുപ്പിന്റെ കീഴിലും കാടുപിടിച്ചുകിടക്കുന്ന ഭൂമിയുണ്ട്. ഇത്തരത്തിൽ ഇനിയും വേണ്ട രീതിയിൽ
  

ഉപയോഗപ്പെടുത്താത്ത സർക്കർ വക ഭൂമിയും കെട്ടിടങ്ങളും ഇവിടെ ഉണ്ട്. പീച്ചിയോട് ചേർന്ന് മൈലാട്ടുംപാറ വാർഡിലും ഇത്തരത്തിൽ സർക്കാർ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. അടുത്തവർഷം താൽക്കാലികമായി ക്ലാസ് തുടങ്ങണമെങ്കിൽ അതിന് സൗകര്യവുമുള്ള കെട്ടിടങ്ങളും ലഭ്യമാണ്. സ്വകാര്യ ഭൂമി ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ച സർക്കാർ കോളേജിന്റെ ഗതി പീച്ചി ഐടിഐക്കും ഉണ്ടാകും. ഒല്ലൂർ എംഎൽഎയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ മുൻകൈയെടുത്താണ് ഐടിഐ പീച്ചിയിലേക്ക് അനുവദിച്ചത്. കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നത്  തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയാണ്. മറ്റു വകുപ്പുകളുടേത് ആണെങ്കിലും ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ റവന്യൂ വകുപ്പിന്റെ അധികാരി എന്ന നിലയിൽ സ്വാധീനം ചെലുത്താൻ മന്ത്രിക്ക്  കഴിയും. പീച്ചിയിൽ ഐടിഐ സ്ഥാപിക്കുന്നതിന്  പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അനുഭാവപൂർണ്ണമായ  ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകിയിട്ടുണ്ട്.


Post a Comment

0 Comments