മയിലാട്ടുംപാറ ലിഫ്റ്റ് ഇറിഗേഷൻ മോട്ടോർ തകരാറിൽ; പഞ്ചായത്ത് ഇടപെടണമെന്ന് ആവശ്യം


പീച്ചി. മയിലാട്ടുംപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മോട്ടോറിന്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ എഴുപത് കുടുംബങ്ങളുടേതായി മുന്നൂറോളം ഏക്കർ ഭൂമിയിലെ കൃഷി കരിഞ്ഞുണങ്ങുന്നതായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രസിഡണ്ട്  ജോൺ കട്ടച്ചിറ പറഞ്ഞു. മോട്ടോറിന്റെ തകരാർ പരിഹരിക്കാൻ കാലതാമസമെടുക്കുമെന്നും അപ്പോഴേക്കും കൃഷി നശിക്കുമെന്നും അതുകൊണ്ട് പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനുള്ള സഹായം ചെയ്യണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് ദിവസത്തോളമായി വെള്ളം പമ്പുചെയ്യാൻ
കഴിയുന്നില്ല. കായ്ച്ച ജാതി ഉൾപ്പെടെയുള്ള കൃഷിയാണ് നനയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് നശിക്കുന്നത്. 2000ത്തിലാണ് മയിലാട്ടുംപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആരംഭിച്ചത്. പുതിയ പട്ടിലുംകുഴി പാലത്തിന് അടിയിലായിട്ടാണ് പമ്പുഹൗസുള്ളത്. 2018ലെ പ്രളയത്തിൽ പമ്പുഹൗസും 40 എച്ച്പിയുടെ കിർലോസ്‌ക്കർ മോട്ടോറും ഉൾപ്പെടെ തകർന്നു പോയി. പദ്ധതിയിലെ അംഗങ്ങൾ പിരിവിട്ട് പണം സമാഹരിച്ച് മോട്ടോർ നന്നാക്കി പുനസ്ഥാപിച്ചെങ്കിലും പിന്നീട് ഇടയിക്കിടെ മോട്ടോർ തകരാറിലായിക്കൊണ്ടിരുന്നു. രണ്ടു കിലോമീറ്ററോളം വരുന്ന വിതരണ ലൈനിലും തകരാറുകളുണ്ട്. മോട്ടോറിന്റെ ഷാഫ്റ്റും ഇംപെല്ലറും മാറ്റണം. പുതിയ മോട്ടോർ വാങ്ങണമെങ്കിൽ 1,40,000 രൂപയോളം ചെലവു വരും. മോട്ടോർ തമിഴ്‌നാട്ടിൽ കൊണ്ടുപോയി നന്നാക്കണമെങ്കിൽ വലിയ തുക ചെലവാകുമെന്നു മാത്രമല്ല രണ്ടുമാസത്തോളം കാലതാമസമെടുക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.



Post a Comment

0 Comments