ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാക്കും: ജില്ലാ കളക്ടർ


കുതിരാൻ. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടുമാസത്തിനകം പൂർത്തിയാകുമെന്ന് ജില്ല കളക്ടർ ഹരിത വി കുമാർ പറഞ്ഞു.  രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിലെത്തിയ കളക്ടർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കളക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയുടെയും നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. കുതിരാൻ രണ്ടാം തുരങ്കം ജനുവരി 20ന് തുറക്കണമെന്ന് കാണിച്ച് 

നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, നാഷണൽ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് രണ്ടാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായതെന്നും കളക്ടർ പറഞ്ഞു. ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ, അസി. കലക്ടർ സുഫിയാൻ അഹമ്മദ് എന്നിവരും കുതിരാനിൽ എത്തിയിരുന്നു. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതാ അതോറിറ്റി സംസ്ഥാന സർക്കാരുമായും പ്രത്യേകിച്ച്  പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഒല്ലൂർ എം.എൽഎയും റവന്യൂ മന്ത്രിയുമായ കെ. രാജൻ എന്നിവരുമായും വേണ്ട രീതിയിൽ ആശയം വിനിമയമോ ആലോചനകളോ നടത്തിയില്ലെന്നുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മന്ത്രിമാർ ഇക്കാര്യത്തിലുള്ള തങ്ങളുടെ നീരസവും അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.



Post a Comment

0 Comments