പള്ളിക്കണ്ടം. പീച്ചിഡാം റോഡരികിൽ കല്ലും മണ്ണും കൂട്ടിയിട്ട് ഗതാഗത തടസം ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഇരുചക്ര വാഹനങ്ങൾക്ക് ഏറെ അപകട ഭീഷണിയായ ഈ മൺതിട്ട നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പീച്ചിഡാം റോഡിൽ തൃശൂർ ഭാഗത്തേക്ക് പോകുമ്പോൾ പള്ളിക്കണ്ടം ബസ് സ്റ്റോപ്പ് കഴിഞ്ഞുള്ള ഭാഗത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന് കല്ലും മണ്ണും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. റോഡിലെ സൈഡ് ലൈനിനും ഉള്ളിലായാണ് ഇവ കുന്നുകൂടി കിടക്കുന്നത്. രാത്രിസമയങ്ങളിൽ ഇത് ശ്രദ്ധയിൽ പെട്ടെന്നും വരില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല റോഡിന്റെ ഈ ഭാഗത്ത് കാനയും ഇല്ല. അതിനാൽ മഴക്കാലത്ത് വെള്ളം പൂർണ്ണമായും റോഡിലൂടെയാണ് ഒഴുകി പോകുന്നത്. ഇത് റോഡിന്റെ തകർച്ചക്കും കാരണമാകും. അധികൃതർ എത്രയും വേഗം ഇടപെട്ട് പ്രദേശത്ത് നിന്നും കല്ലും മണ്ണും നീക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments