വഴുക്കുംപാറ. കുതിരാനിലെ രണ്ടാം തുരങ്കവും ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ആറുവരിപ്പാതയിൽ വൈകാതെ തന്നെ ടോൾപിരിവ് ആരംഭിക്കാമെന്ന നിലപാടിലാണ് കരാർ കമ്പനിയായ കെഎംസി. കരാർ വ്യവസ്ഥകൾ പ്രകാരമുള്ള 90 ശതമാനം പണികളും പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസും, റവന്യൂ മന്ത്രി കെ. രാജനും ഇന്നലെ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ 98 ശതമാനത്തോളം പണികളും പൂർത്തിയായതായാണ് കരാർ കമ്പനിയുടെ അവകാശവാദം. പട്ടിക്കാടുള്ള രണ്ട് അടിപ്പാതകൾ, വഴുക്കുംപാറയിലെ അടിപ്പാതയുൾപ്പെടെ തുരങ്കത്തിലേക്കുള്ള റോഡ,് തമ്പുരാട്ടിപ്പടി
സർവ്വീസ് റോഡ് എന്നിവയുടെ പണികളാണ് ഇനിയും പൂർത്തീകരിക്കാനുള്ളത്. എന്നാൽ ഈ നിർമ്മാണപ്രവർത്തനങ്ങളൊന്നും കരാർ വ്യവസ്ഥ അനുസരിച്ച് ഇപ്പോഴത്തെ രൂപത്തിലായിരുന്നില്ല എന്നും പിന്നീട് കൂട്ടിച്ചേർത്തതാണ് എന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം. ദേശീയപാതയിൽ ആദ്യം പൂർത്തിയായത് പന്നിയങ്കരയിലെ ടോൾബൂത്തിന്റെ പണികളായിരുന്നു. ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യ പാസ് അനുവദിക്കക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. എത്രയും വേഗം ടോൾപിരവ് ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് പണികൾ ഇപ്പോൾ വളരെ വേഗത്തിൽ മുന്നോട്ടു നീങ്ങുന്നത്.
0 Comments