കുതിരാൻ അപകടം: അതീവ സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കെ.രാജൻ. ക്യാമറകൾ ഗുണനിലവാരമില്ലാത്തവ


കുതിരാൻ. ഒന്നാം തുരങ്കത്തിന്റെ കിഴക്ക് ഭാഗത്ത് ഉണ്ടായ അപകടം അതീവ സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കെ.രാജൻ. കഴിഞ്ഞ ദിവസം നടന്ന അപകടവുമായി ബന്ധപ്പെട്ട് എംപി ടിഎൻ പ്രതാപനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സന്ദർശനം നടത്തിയതായിരുന്നു മന്ത്രി. പ്രധാനമായും ഗുണനിലവാരമില്ലാത്ത ക്യാമറകൾ ആണ് നിർമ്മാണ കമ്പനി തുരങ്കത്തിൽ സ്ഥാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചതായും ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 10 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ
 

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തുരങ്കത്തിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായിരുന്നില്ല. അതിനാൽ ക്യാമറകൾ ഗുണനിലവാരമുള്ളവ സ്ഥാപിച്ച്, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യക്തമാകും വിധം പുനക്രമീകരിക്കാൻ കരാർ കമ്പനിക്ക് മന്ത്രി നിർദ്ദേശം നൽകി. തുരങ്കത്തിനകത്തെ സുരക്ഷ സംബന്ധിച്ച പുർണ്ണ ഉത്തരവാദിത്തം കമ്പനിക്കാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന് പുറകിൽ മറ്റ് ഇടപെടലുകളോ ഉപകരാർ കമ്പനികളുമായുള്ള ഏതെങ്കിലും പ്രശ്‌നങ്ങളോ ആണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കളക്ടർ ഹരിത വി. കുമാർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, എസിപി കെ സി സേതു, പീച്ചി സിഐ എസ് ഷുക്കൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



Post a Comment

0 Comments