തൃശൂർ. ജില്ലയിലെ വായുഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ജില്ലയിലെ ആദ്യത്തെ തത്സമയ വായുഗുണനിലവാര പരിശോധനാകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. പറവട്ടാനി കോർപറേഷൻ ഗ്രൗണ്ടിൽ ഇലക്ട്രിസിറ്റി യാർഡിന് സമീപം സജ്ജമാക്കിയ വായുഗുണനിലവാര കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിക്കും.
വായു മലിനീകരണത്തോത് പരിശോധിച്ച് മതിയായ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനത്ത് മാനുവൽ സ്‌റ്റേഷനുകൾക്ക് പുറമെ തത്സമയ വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ ഒമ്പതാമത്തേയും തൃശൂർ ജില്ലയിലെ ആദ്യത്തേതുമായ പരിശോധന കേന്ദ്രമാണ പറവട്ടാനിയിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. നിലവിൽ വായു ഗുണനിലവാരം പരിശോധിക്കുന്നതിന് അത്താണി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് പരിസരത്തും, കിഴക്കേകോട്ട കമ്മേഴ്‌സ്യൽ ഏരിയയിലും മാനുവൽ സ്‌റ്റേഷനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. പറവട്ടാനി കോർപ്പറേഷൻ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പി ബാലചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ വി എ സുശീലനായർ പദ്ധതി അവതരണം നടത്തും. ടി എൻ പ്രതാപൻ എംപി, സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ, കോർപറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ പങ്കെടുക്കും.
0 Comments