ജലനിധിയുടെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു. കുടിവെള്ള വിതരണം നാളെ മുതൽ.


പട്ടിക്കാട്. പതിനഞ്ച് ദിവസമായി ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയ ജലനിധി പ്രശ്‌നത്തിന് പരിഹാരമായി. പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് കണക്ഷൻ പുനസ്ഥാപിച്ചത്. വൈകീട്ട് 8 മണിയോടെ പമ്പിങ് ആരംഭിച്ചു. നാളെ മുതൽ ജലനിധിയുടെ കുടിവെള്ള വിതരണം പുനരാരംഭിക്കും. വൈദ്യുതി കുടിശ്ശിക ഇനത്തിൽ ജലനിധി അടയ്ക്കാനുള്ള ഒമ്പത് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ 25 തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ചിരുന്നു. ഇതിൽ ആദ്യഗഡു അടച്ചതിനെ തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഇ.എസ് ഷിബു പറഞ്ഞു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ജലനിധിയുടെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈ എടുക്കുകയായിരുന്നു. ഇതേ തുടർന്ന് മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയും കെ. രാജനും വിഷയത്തിൽ ഇടപെടുകയും വൈദ്യുതി കുടിശ്ശികയുടെ തവണകൾ നീട്ടിക്കൊടുക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വൻ തുക വൈദ്യുതി കുടിശ്ശിക വന്നതിനാലാണ് പീച്ചി എസ്.എൽ.ഇ.സി യുടെ മയിലാട്ടും പാറയിലെ പ്ലാന്റിന്റെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചിരുന്നത്. കുടിവെള്ളമില്ലാതെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും പ്ലാന്റിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.



Post a Comment

0 Comments