പട്ടിക്കാട്. 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ ലോറി ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. തൃശൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ തെങ്കാശി സ്വദേശിക്കാണ് ജീവൻ തിരികെ ലഭിച്ചത്. ചുവന്നമണ്ണ് പത്താംകല്ലിൽ എത്തിയതോടെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവർ വാഹനം വഴിയരികിൽ ഒതുക്കുകയായിരുന്നു. ഉടനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടിക്കാട് 108 ആംബുലൻസ് ജീവനക്കാർ രോഗിയുമായി തൃശൂരിലേക്ക് തിരിച്ചു. എന്നാൽ യാത്രക്കിടെ ലോറി ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആംബുലൻസ് നഴ്‌സ് ആയ അനീഷിന്റെ സമയോചിതമായ ഇടപെടലും പ്രാഥമിക ശുശ്രൂഷയും ലോറി ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. അദ്ദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ലിജോ ആണ് ആംബുലൻസിന്റെ ഡ്രൈവർ.
0 Comments