പട്ടിക്കാട്. സംസ്ഥാന ബീവറേജ് കോർപ്പറേഷന്റെ ചുവന്നമണ്ണ് പത്താം കല്ലിലുള്ള മദ്യവിൽപ്പനശാലയിൽ മോഷണം നടന്നു. 8000 രൂപയും മദ്യവും മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയിലാണ് സംഭവം. കടയുടെ പുറകിലുള്ള ഷട്ടർ കുത്തിത്തുറന്ന നിലയിലാണ്. ഇതുവഴിയാണ് മോഷ്ടാവ് അകത്തുകയറിയത് എന്ന് കരുതുന്നു. മദ്യകുപ്പികൾ പായ്ക്ക് ചെയ്തിട്ടുള്ള കേസുകൾ തുറന്ന നിലയിലാണ്. എത്രമാത്രം മദ്യം നഷ്ടമായിട്ടുണ്ട് എന്ന് സ്റ്റോക്ക് എടുത്തെങ്കിൽ മാത്രമേ അറിയാൻ കഴിയൂ എന്ന് ജീവനക്കാർ പറഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെ സ്ഥാപനം തുറക്കാൻ എത്തിയ വനിത ജീവനക്കാരാണ് കടയുടെ ഉള്ളിൽ മദ്യക്കുപ്പികൾ അലങ്കോലമായി കിടക്കുന്ന കാര്യം ശ്രദ്ധിച്ചത്. മറ്റ് ജീവനക്കാർ കൂടി എത്തി പരിശോധന നടത്തിയപ്പോഴാണ് പിന്നിലെ ഷട്ടർ തകർത്തിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പീച്ചി പോലീസിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്. സ്ഥാപനത്തിന് അകത്ത് ഉണ്ടായിരുന്ന ക്യാമറയിൽ മോഷ്ടാവ് മദ്യ കേസുകൾ തുറന്ന് കുപ്പികൾ പുറത്തെടുക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന് പുറത്തും നാല് ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും പ്രവർത്തിച്ചിരുന്നില്ല എന്നും ഇവ ഓഫ് ചെയ്തിരിക്കുകയായിരുന്നു എന്നുമാണ് അറിയാൻ കഴിഞ്ഞത്.
0 Comments