ആൽപ്പാറ. കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ചോർച്ച അടയ്ക്കുന്നതിൽ അധികൃതർക്ക് അനാസ്ഥയെന്ന് നാട്ടുകാർ. ഈ ജലദിനത്തിലും അധികൃതരുടെ അനാസ്ഥ വെളിവാക്കി ആൽപ്പാറയിലെ കുടിവെള്ള ചോർച്ച. ആൽപ്പാറ സെന്ററിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകിപ്പരക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. കഴിഞ്ഞ മാർച്ച് 17 ന് ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകളും വന്നിരുന്നു. റോഡിലൂടെ കടന്നു പോകാൻ പോലും കഴിയാത്ത വിധം വെള്ളം ചീറ്റിതെറിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ തന്നെ
ചോർച്ചയുള്ള ഭാഗത്ത് കല്ലുകയറ്റി വെച്ച് താൽക്കാലികമായി ചോർച്ച അടയ്ക്കാൻ ശ്രമിച്ചിരുന്നു. വാട്ടർ അതോറിറ്റി അധികൃതർ നിരന്തരം കടന്നുപോകുന്ന വഴിയായിരുന്നിട്ടും പൈപ്പിന്റെ ചോർച്ചയടയ്ക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. പാണഞ്ചേരി പഞ്ചായത്തിലെ തന്നെ മിക്കയിടങ്ങളിലും പൈപ്പുപൊട്ടിയുള്ള കുടിവെള്ള ചോർച്ച വ്യാപകമായിട്ടുണ്ട്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചാലും ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിഞ്ഞാണ് ചോർച്ച അടയ്ക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കടുത്ത വേനലിൽ ഗുരുതരമായ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ് പാണഞ്ചേരി പഞ്ചായത്ത്. ചില ദേശങ്ങളിൽ വാട്ടർ കണക്ഷനുകളുള്ള വീടുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വെള്ളമെത്തുന്നത്. കണക്ഷനുണ്ടായിട്ടും പലർക്കും ദിവസങ്ങളോളം വെള്ളം കിട്ടാറില്ലെന്നുള്ള പരാതികളും വ്യാപകമാണ്. ഓരോ ജലദിനവും ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നുമുള്ള സന്ദേശമാണ് പകരുന്നത്. എന്നാൽ ഈ ജലദിനത്തിലും ആയിരക്കണക്കിന് ലിറ്റർ അമൂല്യമായ കുടിവെള്ളമാണ് നഷ്ടമാകുന്നത്.


.jpeg)
0 Comments