പീച്ചി. ഇടതുകര കനാൽ പൂർണ്ണമായി തുറന്നു. ഇതോടെ പാണഞ്ചേരി, പുത്തൂർ, തൃക്കൂർ, അളഗപ്പനഗർ പഞ്ചായത്തുകളിലെ കർഷകർക്ക് ആശ്വാസമായി. ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടാത്തതുമായി ബന്ധപ്പെട്ട് മാർച്ച് 1 ന് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ അടിയന്തിര ഉന്നത തല യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കെ.എഫ്.ആർ.ഐ യുടെ ഭാഗത്തു നിന്നുണ്ടായ കനാലിലെ തടസങ്ങൾ നീക്കി മാർച്ച് 4 ന് പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് വെള്ളം എത്തിച്ചിരുന്നു. പിന്നീട് പുത്തൂർ, തൃക്കൂർ, അളഗപ്പനഗർ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് മാർച്ച് 20 നുള്ളിൽ എല്ലാ നിർമ്മാണവും പൂർത്തീകരിച്ച് വെള്ളം എത്തിക്കുമെന്ന് മന്ത്രി വാക്ക് നൽകിയിരുന്നു. പുത്തൂർ പുത്തൻകാട് നിർമ്മിക്കുന്ന അക്വാഡക്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമായിരുന്നു വെള്ളം ഒഴുക്ക് തടസ്സപ്പെട്ടിരുന്നത്. അക്വാഡക്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 20 നുള്ളിൽ പൂർത്തീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടുന്നതിനുള്ള തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം ആയത്.


0 Comments