വഴുക്കുംപാറ. കുതിരാനിൽ നിർമ്മാണം നടക്കുന്ന പ്രധാന പാതയോട് ചേർന്നുള്ള സർവ്വീസ് റോഡ് ഇടിയുന്നത് തുടരുകയാണ്. നിലവിൽ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ഇടിയുന്നത്. നിർമ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകർച്ചയ്ക്കു കാരണം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേശീയപാതയ്ക്ക് സമാന്തരമായി പോകുന്ന കനാൽ മണ്ണിടിഞ്ഞ് മൂടിയിരുന്നു. ഇതോടെ കുതിരാന് താഴെ ദേശീയപാതയ്ക്ക് വടക്കു ഭാഗത്തുള്ള പ്രദേശത്തേക്ക് കനാൽ വെള്ളം എത്താത്തത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പതിനഞ്ച് അടിയിലേറെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് സർവ്വീസ് റോഡ് നിർമ്മിച്ചിട്ടുള്ളത്. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുകയോ
കരിങ്കല്ല് പാകി ഉറപ്പിക്കുകയോ ചെയ്തിട്ടില്ല. നേരത്തെ മണ്ണിടിഞ്ഞതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ഉയർന്നപ്പോൾ കോൺക്രീറ്റ് ബ്ലോക്ക് അട്ടിയിട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മലമുകളിൽ നിന്നും ശക്തമായി വെള്ളം ഒഴുകിയെത്തുകയും മണ്ണിടിച്ചിൽ കൂടുകയുമായിരുന്നു. മണ്ണിടിച്ചിൽ തുടർന്നാൽ സർവ്വീസ് റോഡ് പൂർണ്ണമായും തകരും. മാത്രമല്ല താഴെയുള്ള നവജീവൻ നഗറിലെ കുടുംബങ്ങൾക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കാനുള്ള ലിങ്ക് റോഡും മൂടിപ്പോകും. കരാർ കമ്പനി അധികൃതരെ നേരിൽ കണ്ട് പല തവണ പരാതിപ്പെട്ടിട്ടും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇപ്പോഴും ചാക്കിൽ മണൽ നിറച്ച് താൽക്കാലികമായി പ്രശ്‌നം പരിഹരിക്കാനാണ് കമ്പനിയുടെ ശ്രമം. തൊട്ടടുത്തു തന്നെ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും സർവ്വീസ് റോഡ് ഇടിയുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കരാർ കമ്പനി. പ്രശ്‌നത്തിൽ ഇടപെടൽ നടത്തേണ്ട ഉത്തരവാദപ്പെട്ട അധികാരികളും ഒന്നും കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.


.jpeg)
0 Comments