പട്ടിക്കാട്. സിഐടിയു ചുമട്ടുതൊഴിലാളി പീച്ചി കോലഞ്ചേരി വീട്ടിൽ സജി (49)യുടെ ആത്മഹത്യക്ക് പിന്നാലെ പീച്ചിയിൽ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും കൊടികൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സജിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സജിയുടെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പിലെ രണ്ട് സിപിഎം പ്രാദേശിക നേതാക്കന്മാർക്കെതിരെയുള്ള പരാമർശം വലിയ വിവാദത്തിനും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിനും ഇടയാക്കി. ഏറ്റുമുട്ടലിൽ പീച്ചി ബ്രാഞ്ച് സെക്രട്ടറി പി.ജി ഗംഗാധരൻ, പാർട്ടി അംഗങ്ങളായ വർഗീസ് അറയ്ക്കൽ, തച്ചിൽ പ്രിൻസ് എന്നിവർക്ക് മർദനമേറ്റു. പീച്ചി സെന്ററിലെ സിപിഎമ്മിന്റെ മണ്ഡപം അടിച്ചു തകർക്കുകയും, പാർട്ടിയുടെ കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. പീച്ചിയിലെ സിഐടിയു യൂണിറ്റിൽ ഉണ്ടായിരുന്ന ചില ഭിന്നതകളുടെ ഭാഗമായി പ്രവർത്തകർ യൂണിയൻ വസ്ത്രം ബഹിഷ്‌കരിക്കുകയും ഓഫീസ് വെളുത്ത പെയിന്റ് അടിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പാർട്ടി നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകൾ പരാജയപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ചില തൊഴിലാളികൾ പാർട്ടി പക്ഷത്തേക്ക് മാറിയതോടെ സജി ഒറ്റപ്പെടുകയായിരുന്നു എന്നും ഇതാണ് സജിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് ഒരുവിഭാഗം പറയുന്നത്. കൊടികൾ നശിപ്പിച്ചതും മർദ്ദനം നടത്തിയതുമായി ബന്ധപ്പെട്ട് പീച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

.jpeg)
0 Comments