ജെഫിനും ഷിബുവിനും സെറാഫ്‌സിന്റെ സഹായഹസ്തം; വഴിയൊരുക്കിയത് പീച്ചി ജനമൈത്രി പോലീസ്


പട്ടിക്കാട്. കല്ലിടുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കി പാറക്കെട്ടിൽ കയറിയ ആളെ രക്ഷിക്കാൻ ശ്രമിച്ച് ഗുരുതര പരിക്കേറ്റ ജെഫിനും ഷിബുവിനും സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റിയുടെ സഹായഹസ്തം. പീച്ചി പോലീസ് സബ് ഇൻസ്‌പെക്ടർ ജെ.ജെമേഷ് പതിനായിരം രൂപ വീതമുള്ള ചെക്ക് ഇരുവർക്കും കൈമാറി. ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷപെടുത്തിയ ജെഫിന്റെയും ഷിബുവിന്റെയും പ്രവർത്തി അഭിനന്ദനാർഹമാണെന്നും പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം ചെയ്യാൻ മുന്നോട്ടുവന്ന സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും എസ്‌ഐ പറഞ്ഞു. സൊസൈറ്റി വൈസ് പ്രസിഡണ്ടും ജനറൽ കൺവീനറുമായ എബ്രഹാം നാഞ്ചിറ, ഷാജി തുരുത്താട്ടേൽ എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടുപേരുടെയും പൂവൻചിറയിലുള്ള വീടുകളിൽ നേരിട്ടെത്തിയാണ് സഹായം കൈമാറിയത്. ജനമൈത്രി പോലീസ് ഓഫീസർമാരായ ഫ്രിൻസൻ, സനിൽകുമാർ, വാർഡ് മെമ്പർ പി.എ ദീപു എന്നിവരും ഒപ്പമുണ്ടായിരുന്നു. അന്യസംസ്ഥാനക്കാരനായ യുവാവിന്റെ ആക്രമണത്തെ തുടർന്നാണ് പൂവൻചിറ കിടച്ചിറ വീട്ടിൽ ജെഫിൻ കുര്യാക്കോസ്, വെള്ളഞ്ചേരി വീട്ടിൽ ഷിബു പി. എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ജെഫിന് ഇടത് വശത്തെ കൈയ്യും കാലും ഉയർത്താൻ ശ്രമിക്കുമ്പോൾ തലയിൽ ശക്തമായ വേദനയുള്ളതായും, ശാരീരികമായി തളർച്ച അനുഭവപ്പെടുന്നതായും പറഞ്ഞു. തലയ്ക്ക് പുറകിൽ അടിയേറ്റ ജെഫിൻ ബോധരഹിതനായി വീഴുകയായിരുന്നു. പൊട്ടിച്ച ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ ഷിബുവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 40 സ്റ്റിച്ചുകൾ ആണ് കൈയ്യിൽ ഉള്ളത്. കാലിൽ മൂന്നെണ്ണവും. ടൈൽ സംബന്ധമായ ജോലികൾ ചെയ്യുന്ന ഷിബുവിന് കൈയ്യിലേറ്റ പരിക്ക് മൂലം ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്.



Post a Comment

0 Comments