പട്ടിക്കാട്. കുതിരാനിൽ നടപ്പിലാക്കിയ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി അടിയന്തര സേവനങ്ങൾക്ക് സജ്ജമാക്കിയിരുന്ന ആംബുലൻസുകളും ക്രെയിനുകളും സർവ്വീസ് നിർത്തിവെച്ചു. തുരങ്കത്തിനകത്ത് വാഹനങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടനടി അവ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനായി തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി ഓരോ ആംബുലൻസും ക്രെയിനും ആയിരുന്നു സജ്ജമാക്കിയിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇവ നിർത്തലാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം തങ്ങൾക്ക് വാടകയിനത്തിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കാൻ ഉണ്ടെന്നും കമ്പനി അധികൃതർ കുടിശ്ശിക തീർക്കാൻ തയ്യാറാകാത്തതാണ് സർവ്വീസ് നിർത്തിവെക്കാൻ കാരണമെന്നും വാഹന ഉടമകൾ പറഞ്ഞു. നിലവിൽ കുതിരാൻ തുരങ്കത്തിന് അകത്തോ സമീപ പ്രദേശങ്ങളിലോ അപകടങ്ങൾ ഉണ്ടായാൽ വാണിയമ്പാറയിൽ നിന്നോ പട്ടിക്കാട് നിന്നോ ആംബുലൻസുകൾ എത്തേണ്ടി വരും. ഇത് അപകടങ്ങളിൽ പെടുന്നവരെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാൽ തുരങ്കത്തിന്റെ ഇരു ഭാഗങ്ങളിലും ആംബുലൻസ് ക്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കണണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments